Tuesday, February 21, 2012

അവിവേകം

ഒരു ഉദ്യോഗത്തിനായി അയാള്‍
അനവധി അപേക്ഷകള്‍ അയച്ചു
യഥാര്‍ത്ഥ വിലാസത്തില്‍ 
കൃത്യ സമയത്ത്
അത്  കിട്ടിയോ  എന്നറിയാന്‍
എല്ലാറ്റിനോടും ഒപ്പം എ.ഡി കാര്‍ഡ്‌
വെക്കാന്‍  മറന്നിരുന്നില്ല
എന്നാല്‍  മറുപടി
ഉറപ്പായും പ്രതീക്ഷിച് 
അവള്‍ക്ക്  അയച്ച കത്തിന്  
അങ്ങനെയൊന്ന്  വെക്കാമായിരുന്നെന്നു 
പിന്നീടാണ്‌  അയാള്‍ക്ക്  തോന്നിയത് 
ഒഴുക്കിനൊപ്പം



നിഷേധിയുടെ കുപ്പായം 
ഞാന്‍ അഴിച്ചു വെച്ചു 
സന്ദേഹിയുടെ മനസ്
ഞാന്‍ എറിഞ്ഞുടച്ചു 
ഒഴുക്കിനൊപ്പം  നീന്താനായി 
പുഴ തേടുകയാണ്  ഞാനിപ്പോള്‍ 


ഞാന്‍  എന്നും നിന്നോട് 
കടം മേടിച്ചിട്ടെയുള്ളൂ
വിശന്നലഞ്ഞപ്പോള്‍
ഭക്ഷണം തന്നു
പണവും സ്നേഹവും
ഞാന്‍ ചോദിക്കാതെ തന്നു
ഈ ജന്മം എനിക്ക്  ആ കടങ്ങള്‍
വീട്ടാനാകില്ല
നിനക്കും എനിക്കും അത്  നല്ല പോലെ അറിയാം
എന്നിട്ടും ഞാന്‍ വീണ്ടും യാചന യുമായി എത്തുമ്പോള്‍
എന്താണ്  നീയെന്നെ ആട്ടിയോടിച്ച്‌ 
കതകുകള്‍ കൊട്ടി  അടക്കാത്തത്‌?


കാരണം 

വഴികള്‍


നാല്‍ക്കവലയിലെത്തിയാല്‍ 
നീ നിന്റെ  വഴിക്ക് പോകും;ഞാനും
നടത്തത്തിന് അല്പം
വേഗത കുറച്ചാല്‍
അത്രയും നേരം 
നീയെന്നരികിലുണ്ടാകുമല്ലോ?

റിയല്‍ ടേസ്റ്റ്



വി ആര്‍ രാജ മോഹന്‍



പുഴ .കോം 2011ല്‍ നടത്തിയ ചെറു കഥ
രചന മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 10 കഥകളില്‍ ഒന്ന്




നോ...നോ..നോ.... നോമോര്‍ എക്സ്ക്യൂസസ് മിസ്റ്റര്‍ ദിലീപ് ചന്ദ്രന്‍

ആറിന്റെ യു ജീയെം? സോ യൂ ഫൈന്റെവ്ട്ട്. ദ റിയല്‍ ടേസ്റ്റ് ഇറ്റീസ് യുവര്‍
റെസ്പോണ്‍സിബിലിറ്റി

ചെയര്‍മാന്‍ ദുഷ്യന്തന്‍ പരഞ്ജ് പെയുടെ അമര്‍ഷം ദിലീപിനെ
സ്വാധീനിച്ചതേയില്ല. മുഖത്ത് ഒരു ഊറിയ ചിരിയുമായി ചേംബറില്‍ നിന്നും
പുറത്തിറങ്ങാന്‍ കഴിഞ്ഞതിന്റെ കാരണം തിരയുകയായിരുന്നു. അരുന്ധതിയെ
കെട്ടിപ്പിടിച്ചു കിടക്കുമ്പോഴും അയാള്‍ ‘ യുറേക്കാ’എന്നാര്‍ത്ത്
വിളിച്ച് കിംഗ്സ് സര്‍ക്കിളിലൂടെ ഓടാന്‍ കഴിയും വിധം ചെയര്‍മാന്
നല്‍കാനായി ഒരു ഉത്തരം കിട്ടിയില്ല ല്ലോ എന്ന ഖേദത്തോടെയാണ് കണ്ണ്
തുറന്നത്. എന്നിരുന്നാലും ആര്‍ക്കിമിഡീസിനേപ്പോലെ താനും നഗ്നനാണല്ലോ
എന്നോര്‍ത്ത് മനസാലെ ചിരിച്ചു. ചെയര്‍മാന്റെ കാബിനിലല്ലല്ലോ എന്ന്
തിരിച്ചറിഞ്ഞതോടെ ഉറക്കെ പൊട്ടിച്ചിരിക്കാന്‍ മറന്നില്ല.

രാവിലെ തന്നെ വട്ടായോ എന്ന പ്രതികരണവുമായി അരുന്ധതി ഉറക്കമുണര്‍ന്നു.
ചിരിക്കു പിന്നിലെ രഹസ്യം അറിയാനുള്ള് ആകാംക്ഷയില്‍ അവള്‍ കാര്യം
തിര്‍ക്കി.

കമ്പനിയുടെ പുതിയ ബ്രേക്ക് ഫാസ്റ്റ് ഐറ്റത്തില്‍ എല്ലാവര്‍ക്കും
ഇഷ്ടമാകുന്ന ഒരു രുചി കണ്ടെത്തി കൊടുത്തില്ലേല്‍ മാര്‍വാഡി എന്നെ
മൂക്കേല്‍ വലിച്ചു കേറ്റും പോലും . ദിലീപന്‍ കാര്യം വിശദീകരിച്ചു.