Sunday, September 14, 2014

കഥ                                                                      


 ഗൗതമന് ഒരു തിരുത്ത്


              വി.ആര്‍.രാജ മോഹന്‍



‘ഭൂത കാലത്തില്‍ കഴിയരുത്,ഭാവിയെ സ്വപ്നം കണ്ടിരിക്കരുത്,വര്‍ത്തമാന കാലത്തെ നേരിടാന്‍ തയാറെടുക്കുക’
അശരീരിയോ ? കേള്‍ക്കാനിമ്പമുള്ള സ്വരത്തില്‍ ആരാണ് ഇങ്ങനെ പറയുന്നത്.എത്ര കാതോര്‍ത്തിട്ടും തുടര്‍ന്നൊന്നും കേള്‍ക്കാനാകുന്നില്ലല്ളോ?.പകലോ അതോ രാത്രിയോ? ഉച്ചയുറക്കം തുടങ്ങിയതില്‍ പിന്നെ എഴുന്നേല്‍ക്കുമ്പോള്‍ സ്ഥിരം തോന്നുന്ന സംശയമാണ്. അശരീരിയൊന്നുമല്ല ചാനലിലെ പ്രഭാഷണമാണ്.ആരാണ് ടി.വി ഓണ്‍ ചെയ്തത്.സഹായി സുശീല ഇന്ന് വന്നിട്ടില്ലല്ളോ?കറന്‍റ് പോയ നേരം വെറുതെ വന്ന് കിടന്നതാണ്.അറിയാതെ ഉറങ്ങിപ്പോയി.പവര്‍കട്ട് പതിവായതോടെ ദിനചര്യകള്‍ ആകെ തകിടം മറിഞ്ഞു.രാവിലെയെന്ന് കരുതി മയക്കത്തില്‍ നിന്ന് ഉണര്‍ന്ന് വാള്‍ ക്ളോക്കിലതാ കാണാം  വൈകിട്ട് നാലോ നാലരയോ .അന്നേരമുണ്ടാകുന്ന വിഷമം പറഞ്ഞറിയിക്കാന്‍ പറ്റില്ല.എത്ര ബുദ്ധിമുട്ടിയാണ് ഓരോ നിമിഷവും തള്ളി നീക്കുന്നത്.എങ്ങനെയെങ്കിലും രാത്രിയായി കിട്ടിയാല്‍  മതിയെന്നാകും .വല്ലതും കഴിച്ച് കിടക്കാന്‍ ധൃതി കാണിക്കുമ്പോള്‍ സുശീലക്ക്  പരിഭവമാണ്.അവള്‍ക്കിഷ്ടപ്പെട്ട സീരിയല്‍ കൂടെയിരുന്ന് കാണാത്തതിലുള്ള വിഷമം.അമ്മച്ചിക്ക് പാവപ്പെട്ടവരുടെ ജീവിതത്തിന്‍െറ ബുദ്ധിമുട്ടുകളൊന്നും അറിയാത്തത് കൊണ്ടാണ് ഇതിലൊന്നും തീരെ താല്പര്യമില്ലാത്തതെന്ന് അവള്‍ പറഞ്ഞു കൊണ്ടിരിക്കും.അത് കേള്‍ക്കുമ്പോള്‍ പലപ്പോഴും ആ പൈങ്കിളി സീരിയലിലെ സദാ നേരം കരഞ്ഞു കൊണ്ടിരിക്കുന്ന കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്ന ചില മുഖങ്ങള്‍ മനസ്സില്‍ തെളിയും.അവരെല്ലാം എന്നെങ്കിലുമൊരു നാള്‍ ടെലിവിഷന്‍ സ്ക്രീനില്‍ കയറി വരുമെന്ന് പലപ്പോഴും കരുതി.അതിലൊരാള്‍ താനായിരിക്കില്ളേയെന്നും തോന്നാതിരുന്നില്ല.
പതിയെ എഴുന്നേറ്റ് സ്വീകരണ മുറിയിലേക്ക് വരുമ്പോഴും  ചാനലിലെ പ്രഭാഷണം തുടരുന്നുണ്ടായിരുന്നു.‘വര്‍ത്തമാന കാലത്തെ മനുഷന്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ മുമ്പൊരു കാലത്തുമില്ലാത്തത്ര സങ്കീര്‍ണമാണ്.അതില്‍ നിന്ന് അവന്  സ്വയം മോചിതനാകാന്‍ എളുപ്പം കഴിഞ്ഞെന്ന് വരില്ല.ഞാന്‍ നേരത്തെ പറഞ്ഞ വാചകം ബുദ്ധ ഭഗവാന്‍േറതാണ്.ആശയാണ് സര്‍വദു$ഖങ്ങള്‍ക്കും കാരണമെന്ന് ആദി ഗുരുവായ ഗൗതമബുദ്ധന്‍ എന്നേ പറഞ്ഞു വെച്ചിരിക്കുന്നു.എന്നാലിന്ന് അത്തരമൊന്നിനെ നേരാം വണ്ണം വ്യാഖ്യാനിക്കുന്നത് അത്ര കണ്ട് സുഖകരമാവില്ളെന്നറിയാം’.നല്ല ശബ്ദം മാത്രമല്ല,പറയുന്നതിലും കാര്യമുണ്ടല്ളോ എന്ന് തോന്നിയപ്പോള്‍ നടപ്പിന് അല്പം വേഗത കൂട്ടി.‘ നിങ്ങള്‍ വെറുക്കുന്ന കഴിഞ്ഞ കാലത്തെ മറന്ന്  തീര്‍ത്തും പുതിയ ഒരു ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ മറ്റൊരു ജന്മമൊന്നും എടുക്കേണ്ടതില്ല.സുഖമായി ഒന്നുറങ്ങി എഴുന്നേല്‍ക്കേണ്ട താമസം നിങ്ങള്‍ക്ക് അത് ലഭിച്ചിരിക്കും.’സ്ക്രീനില്‍ തെളിയുന്ന മുഖം വ്യക്തമാകാന്‍ കണ്ണട ഒന്നിളക്കി വെച്ച് നോക്കി.
കിടക്ക മുറിയുടെ പുറത്ത് വന്നപ്പോഴാണ് ചാനലിലെ ആത്മീയ പ്രഭാഷണമാണെന്ന് മനസ്സിലായത്.സുമുഖനായ ചെറുപ്പക്കാരന് സന്യാസിയുടെ ലക്ഷണങ്ങളൊന്നും കാണുന്നുണ്ടായില്ളെന്നത് അത്ഭുതമായിരുന്നു.കാഷായ വസ്ത്രവും രുദ്രാക്ഷവുമൊക്കെയായി പ്രഛന്ന വേഷ മത്സരത്തിനുള്ള പുറപ്പാടിലാണ് പല സ്വാമിമാരേയും സാധാരണ കാണാറുള്ളത്.എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തനായി തൂവെള്ള നിറത്തിലുള്ള ജൂബ്ബ ധരിച്ച് ഭംഗിയായി വെട്ടിയൊരുക്കിയ താടിയുമുള്ള മുഖം സത്യം പറഞ്ഞാല്‍ തേജസ്സുള്ളതായി തോന്നി .മുമ്പെവിടേയോ കണ്ട് മറന്നത് പോലെ.  എന്തോ അത് കണ്ടപ്പോള്‍ മനസ്സില്‍  ഒരു അസ്വസ്തത.
രാത്രിയായാലും പകലായാലും ഒന്ന് മയങ്ങിയാല്‍ മതി നിറയെ സ്വപ്നങ്ങളാണ്.അല്ലാതെ ഉണര്‍ന്നിരിക്കുമ്പോഴും മനസ്സില്‍ പല പല ആഗ്രഹങ്ങളും പൊട്ടിമുളക്കുക പതിവാണ്.അമ്യൂസ്മെന്‍റ് പാര്‍ക്കിലെ പുതിയ റൈഡുകളില്‍ കയറണമെന്ന് ഒരിക്കല്‍ തോന്നിച്ചപ്പോള്‍ മനസ്സിനോട് സ്വയം അതിനെ അടക്കാന്‍ പറഞ്ഞു. ചിലപ്പോഴെങ്കിലും  സ്വപ്നമോ യാഥാര്‍ത്ഥ്യമോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധം ചിന്തകളില്‍ മുഴുകും. തോന്നലുകളെല്ലാം കടലാസ്സിലേക്ക് പകര്‍ത്തുവാനായിരുന്നുവെങ്കില്‍.ഫ്ളാറ്റിലെ സ്വീകരണമുറിയില്‍ ബുക്ക് ഷെല്‍ഫ് ഒരുക്കുമ്പോള്‍ നിറയെ പുസ്തകങ്ങള്‍ കൂടി വേണമെന്ന് എത്ര മാത്രം നിര്‍ബന്ധം പിടിക്കേണ്ടി വന്നു.എങ്ങനേയും കമ്പനിയുടെ വരുമാനം കൂട്ടുക എന്ന ലക്ഷ്യം മാത്രം മനസ്സില്‍ സൂക്ഷിക്കുന്ന ,മാനേജ്മെന്‍റിന്‍െറ തിയറി പുസ്തകങ്ങള്‍ക്ക് അപ്പുറം മറ്റൊന്നിനേയും  കുറിച്ച് കേട്ട് കേള്‍വി പോലുമില്ലാത്ത ഒരാള്‍ അങ്ങനെയല്ളേ  ചെയ്യൂവെന്ന് ആദ്യം തന്നെ തിരിച്ചറിയേണ്ടതായിരുന്നു.
 മാസങ്ങള്‍ മാത്രം നീണ്ടുനിന്ന കോളജ് ജീവിതത്തില്‍ പരിചയപ്പെടാന്‍ കഴിഞ്ഞത് സാഹിത്യമെന്നാല്‍ മില്‍സ് ആന്‍റ് ബൂണിനപ്പുറം മറ്റൊന്നില്ളെന്ന കരുതിയ വരേണ്യ വര്‍ഗക്കാരായ സഹപാഠികള്‍.ആദ്യാവധിക്ക് നാട്ടിലേക്ക് ഓടിയത്തെിയത് മുത്തശ്ശിയുടെ സ്നേഹം തിരിച്ച് പിടിക്കാന്‍ മാത്രമായിരുന്നില്ല.അവരുടെ കിടക്കക്ക് അപ്പുറമുള്ള ചെറിയ ബുക്ക് ഷെല്‍ഫിലെ പുസ്തകങ്ങള്‍ വീണ്ടുമൊരാവര്‍ത്തി വായിക്കാനായിരുന്നു. ചില പുസ്തകങ്ങളിലെ താറാവിന്‍െറ രൂപം വരകളില്‍ തീര്‍ത്ത അടയാളം കൗതുകത്തോടെ നോക്കിയപ്പോള്‍ മുത്തശ്ശി വിശദീകരിച്ച് തരികയുണ്ടായി.അതിനുള്ളില്‍ എന്‍, ബി ,എസ് എന്നീ അക്ഷരങ്ങളാണത്രെ.മുതിര്‍ന്നപ്പോളാണ് അതിന്‍െറ മുഴുവന്‍ രൂപം നാഷണല്‍ ബുക് സ്റ്റാള്‍ എന്നാണെന്ന് മനസ്സിലായത്.
  അതിലും തമാശ തോന്നിച്ചത് മറ്റൊന്നായിരുന്നു.മൃഗശാലയില്‍ അമ്മാവനോടൊപ്പം തീരെ കുഞ്ഞായിരുന്ന പ്പോളെങ്ങോ പോയപ്പോള്‍ കണ്ട കുരങ്ങിനെ കുറിച്ചുള്ള ഓര്‍മ്മയിലായിരുന്നിരിക്കണം മുത്തശ്ശിയുടെ ശേഖരത്തിലെ ‘കാട്ടു കുരങ്ങ്’എന്ന പുസ്തകം വലിച്ചെടുത്തയത്.അടുക്കളയില്‍ നിന്ന് പണിയെല്ലാം ഒതുക്കി മടങ്ങി വരികയായിരുന്ന മുത്തശ്ശി അത് കണ്ട് ശകാരിച്ചതിന്  കണക്കുമില്ല.എന്താ കുട്ടീ ഈ കാണിക്കണേ .. അഛനുമമ്മയും അടുത്തില്ലാ എന്ന് കരുതി  ഇത്രേം അനുസരണ കേട് കാണിക്കാമോ.കാര്യമെന്താണെന്നൊന്നും അന്ന് മനസ്സിലായില്ല.പിന്നീട് പത്താം ക്ളാസ് പരീക്ഷ കഴിഞ്ഞിരിക്കുമ്പോഴാണ് മുത്തശ്ശി തന്നെ അടുത്ത് വിളിച്ച് കാട്ടു കുരങ്ങ് അടക്കമുള്ള പുസ്തകങ്ങള്‍ കൈമാറിയത്. ചിറ്റയുടെ മക്കളായ അനന്തുവിനും പാര്‍വതിക്കുമായി ബാലയുഗവും പൂമ്പാറ്റയും തറവാട്ടില്‍ വരുത്തിയിരുന്നു.രണ്ട് വര്‍ഷം കൂടുമ്പോള്‍ നാട്ടില്‍ വന്നിരുന്ന അഛനുമമ്മയും  തടിച്ച തുകല്‍ പെട്ടി തുറന്ന് തനിക്കോരോന്ന് സ്നേഹത്തോടെ എടുത്ത് തരുമായിരുന്നു.കിടക്കുമ്പോള്‍ കണ്ണടക്കുന്ന സുന്ദരിപ്പാവക്കൊപ്പം സ്ഥിരമായി അവര്‍ കൊണ്ട് വന്നിരുന്ന നിറമുള്ള ചിത്രങ്ങള്‍ കുത്തി നിറച്ച വലിയ ഇംഗ്ളീഷ് അക്ഷരത്തിലുള്ള  കഥാപുസ്തകങ്ങള്‍ ഒരിക്കലും ഇഷ്ടമായിരുന്നില്ല .ഒരിക്കല്‍ പോലും അവയിലെ കഥകള്‍ വായിക്കാനോ ചിത്രങ്ങള്‍ ആസ്വദിക്കാനോ തോന്നിയില്ല.താനത് മറിച്ച് നോക്കുന്നു പോലുമില്ളെന്ന് ആദ്യം മനസ്സിലാക്കിയത് അമ്മയായിരുന്നു.ഒരു പക്ഷേ പേജുകളില്‍ മറ്റ് കുട്ടികളുടെ പുസ്്തകത്തിലേത് പോലെ അഴുക്ക് പതിയാത്തതായിരിക്കാം അമ്മയെ അങ്ങനെ ഒരു കണ്ടത്തെലിലേക്ക് എത്തിച്ചത്.അമ്മയുടെ ഇഷ്ടപ്പെട്ട വായന ഷെര്‍ലക്ക് ഹോംസ് ആണെന്ന് പില്‍ക്കാലത്ത് തിരിച്ചറിഞ്ഞപ്പോഴാണ്  അന്നത്തെ ഡിറ്റക്റ്റീവ് ബുദ്ധിക്ക് പിന്നിലെ യുക്തി തിരിച്ചറിയാനായത്.വെറുതെ ഓരോന്നുമോര്‍ത്തപ്പോള്‍ സമയം പോയതറിഞ്ഞില്ല.
 ചാനലില്‍ ചെറുപ്പക്കാരന്‍ പ്രഭാഷണം തുടരുകയാണ്.ആത്മീയ പ്രഭാഷണങ്ങളും  പ്രഭാഷകരുമൊക്കൊ ശുദ്ധതട്ടിപ്പാണെന്നായിരുന്നല്ളോ ചിലരുടെ വിലയിരുത്തല്‍.മഹാനഗരത്തിലെ മനം മടുപ്പിക്കുന്ന യാന്ത്രിക ജീവിതത്തിന്‍െറ നാളുകളില്‍ പലപ്പോഴും മനസമാധാനത്തിനായി ഏതെങ്കിലുമൊരു ഗുരുവിനെ കിട്ടിയിരുന്നെങ്കിലെന്ന് അത്രമേല്‍ ആഗ്രഹിച്ചിരുന്നതാണ്.എന്നാല്‍ അതിനെല്ലാം തടസ്സം നിന്നത് ആരാണ്.പ്രഭാ ദേവിയില്‍െ സിദ്ധി വിനായക ക്ഷേത്രത്തിന് അപ്പുറം ബോംബെ വാസത്തിനിടയില്‍ ഒരമ്പലത്തിലും പോയതായി ഓര്‍മ്മയില്‍ വരുന്നില്ല.നാട്ടില്‍ വന്നാലോ നാത്തുന്മാരോ ചേട്ടത്തിമാരോ ഒപ്പമുണ്ടെങ്കില്‍ അവരോടൊപ്പം വേണമെങ്കില്‍ ഗുരുവായൂരിലേക്ക് പൊയ്ക്കൊള്ളാന്‍ അനുമതിയുണ്ട്.എന്നാലോ തിരുനാവായില്‍ നാവാമുകുന്ദന്‍െറ അടുത്തേക്കയക്കാന്‍ എന്തോ ഒരു വൈമനസ്യം.വള്ളുവനാടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അദ്ദേഹത്തിനെ അലോസരപ്പെടുത്തിയിരുന്നു.പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ തന്നെ എന്തോ ഒരു മുന്‍വിധി പിടികൂടിയിരുന്നുവെന്ന് നിശ്ചയം.ഏതെങ്കിലും പ്രേമനൈരാശ്യമായിരുന്നിരിക്കാം കാരണമെന്ന് ഊഹിച്ചു.കൂട്ടുകാരികളുമായി രഹസ്യം പങ്ക് വെച്ചപ്പോള്‍ ആരായിരിക്കും  ‘രമണന്‍െറ ചന്ദ്രിക’യെന്ന് അറിയാനുള്ള താല്പര്യമായിരുന്നു അവര്‍ക്കെല്ലാം.
  ഏതോ ഒരു ക്ളബ് മീറ്റിങ്ങ് കഴിഞ്ഞ് വന്നപ്പോള്‍ ആള്‍ നല്ല ഫോമിലായിരുന്നു.പതിവില്ലാത്ത സ്നേഹമാണ് ആദ്യം തോന്നിയത്.മക്കളപ്പുറത്തെ മുറിയിലുണ്ടെന്ന ബോധമൊന്നുമില്ലാതെയുള്ള പെരുമാറ്റം അരോചകമായി .എടോ ,താന്‍ തുടങ്ങിയ പതിവ് സംബോധനകള്‍ക്ക് പകരം എന്നോ മറന്നു പോയ തന്‍െറ പേര് വിളിച്ചപ്പോള്‍ സത്യം പറഞ്ഞാല്‍ അമ്പരപ്പാണുണ്ടായത്.മറ്റുള്ളവരോട് പേര് പറയേണ്ടി വരുന്ന അവസരങ്ങളില്‍ പോലും മൂപ്പത്തിയാര് ,പുള്ളിക്കാരി തുടങ്ങി കെട്ടിയോള് ,പെമ്പ്രന്നോര് പോലെ തറവാട്ടിലന്നോളം കേട്ടിട്ടില്ലാത്ത വാക്കുകളാണ് പ്രയോഗിച്ചിരുന്നത്.അഛനുമമ്മയും അമ്മാവനുമമ്മായിയും ചെറിയഛനും ചെറിയമ്മയുമൊക്കൊ വീട്ടില്‍ പരസ്പരം വിളിച്ചിരുന്ന സംബോധനകള്‍ കുട്ടികള്‍ക്കെന്നും തമാശയായിരുന്നു.അവര്‍ പ്രയോഗിച്ചിരുന്ന യേയ് വിളിയും ഇവിടത്തെയാളും കുട്ടികളുടെ അച്ഛനുമൊക്കൊ തമ്മില്‍ വിളിച്ച് എത്രയോ തവണ കളിയാക്കിയിരിക്കുന്നു.അതെല്ലാം കേട്ട് മുത്തശ്ശി ഊറിയുറി ചിരിക്കും.ഓ എന്തിനാ കുട്ട്യോളെ നിങ്ങളിങ്ങനെ മൂത്തോരെ കളിയാക്കുന്നേ ..ഓരോരുത്തരുടെ കാര്യം വരുമ്പോറിയാം എന്തായിരിക്കും കാണിച്ച് കൂട്ടാന്ന്.പുസ്തകവായനയും  പതിവ് പ്രാര്‍ത്ഥനകളും മാത്രമായി ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്നയാളാണെങ്കിലും ഞങ്ങളുടെ കൊച്ച് കൊച്ച് തമാശകള്‍ അവര്‍ നല്ലപോലെ രസിച്ചിരുന്നുവെന്നതാണ് വാസ്തവം.
  അന്നൊരിക്കല്‍ മുത്തശ്ശിയുടെ നനുത്ത ദേഹത്തില്‍ ചുറ്റിപ്പിടിച്ച പാവാടക്കാരിയോട് മുത്തശ്ശി പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു.നീ എന്താണ് ഭര്‍ത്താവിനെ വിളിക്കാന്‍ പോകുന്നത്.ഒരു സംശയവുമില്ലാതെ പൊട്ടിച്ചിരികള്‍ക്കിടയില്‍ പറഞ്ഞ മറുപടി മുത്തശ്ശിക്ക് നന്നേ പിടിച്ചു.ചേട്ടനോ? അത്ഭുതം കൊണ്ട് അവരുടെ കണ്ണുകള്‍ വിടര്‍ന്നു.അപ്പോളയാള്‍ നിന്നെ എന്ത് വിളിക്കും? അനിത്തീന്നോ? അവര്‍ കുലുങ്ങിക്കുലുങ്ങി ചിരി തുടര്‍ന്നു.എന്നാല്‍ അങ്ങനെ സംഭവിച്ചോ? ആദ്യ രാത്രിയില്‍ തന്നെ ആദ്യത്തെ വഴക്കുണ്ടാകാന്‍ കാരണവും അത് തന്നെയല്ളോ? ‘എന്നെ ചേട്ടനൊന്നും അനിയനെന്നും വിളിക്കേണ്ട.അയാം ബാലകൃഷ്ണന്‍.യൂ കാന്‍ കാള്‍ മീ ബാലു’.കേട്ടപ്പോള്‍ ചിരിയും കരച്ചിലും ഒപ്പം വന്നു.ഈ മനുഷ്യനുമായി  ഇനിയങ്ങോട്ടുള്ള ജീവിതം എങ്ങനെയായിരിക്കുമെന്നോര്‍ത്തപ്പോള്‍ ശരിക്കും പറഞ്ഞാല്‍ ആശങ്കയായിരുന്നു മനസ്സില്‍ തോന്നിയത്.തിരിച്ച് തന്നെ എന്ത് വിളിക്കണമെന്ന് നിഷ്കര്‍ഷിക്കാന്‍ തനിക്ക് കഴിയാതെ പോയതെന്ത് കൊണ്ട്?പാര്‍ട്ടികള്‍ കഴിഞ്ഞ് വരുമ്പോള്‍ മാത്രം മധുര വാക്കുകള്‍ക്ക് ലോഭമില്ലാത്ത അവസ്ഥ അങ്ങേയറ്റം ബോറായി മാറിയിരുന്നു.
  അന്നത്തെ പാര്‍ട്ടിയില്‍ അല്പം അധികമായി അകത്ത് ചെന്നിരിക്കണം.ഡൈനിങ്ങ് ടേബിളിന് മുന്നില്‍ ഭക്ഷണം വിളമ്പിയിരുന്നില്ല.അടുക്കളയില്‍ നിന്നും ധൃതിയില്‍ വരുമ്പോഴേക്കും ഉറക്കെ പറഞ്ഞ് കഴിഞ്ഞിരുന്നു.‘എടോ തന്‍െറ പഴയ സുഹൃത്തിനെ ഞാനിന്ന് കണ്ടടോ’.മനസ്സിലെ ഞെട്ടല്‍ കൈകളിലേക്ക് പടര്‍ന്ന് കയറി.പാത്രങ്ങള്‍ കൈകളില്‍ നിന്ന് താഴെ വീഴുമോയെന്ന് തോന്നി .ആരുടെ കാര്യമാണോയീ പറയുന്നത്.വല്ല പെണ്‍കുട്ടികളുടേതും ആയിരിക്കണേ ഭഗവാനേ..നെഞ്ചുരുകി പ്രാര്‍ത്ഥിച്ചു.‘എന്താടോ ഞെട്ടി നില്‍ക്കുന്നേ..മറ്റാരുമല്ലടോ തന്‍െറ ബെസ്റ്റ് ഫ്രണ്ട് ,വണ്‍ ആന്‍റ് ഒണ്‍ലി സത്യചന്ദ്രന്‍.വാട്ട് എ നൈസ് പേഴ്സണ്‍ ഹീ ഈസ്’.എന്താണീശ്വരാ സത്യേട്ടനോ? എവിടെയാണോ ആളിപ്പോള്‍? ..എവിടെ വെച്ച് കണ്ടുവെന്നാണ് ഈ പറയുന്നത്?.എന്താണ് തന്നെ കുറിച്ച് പറഞ്ഞത്?മനസ്സില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നു.
പിന്നീടാണെല്ലാം വിശദമാക്കിയുള്ളൂ.മാനേജ്മെന്‍റ് അസോസിയേഷന്‍െറ ഗെറ്റ് റ്റുഗതറില്‍ മുഖ്യ പ്രഭാഷകനായി എത്തിയതായിരുന്നു യു.കെയിലെ ലാന്‍ കാസ്റ്റര്‍ സര്‍വകലാശാലയിലെ റിട്ടയേഡ് പ്രൊഫസറായ ഡോ.സത്യചന്ദ്ര ബാബു.ശേഷം നടന്ന കൂടലില്‍ പരസ്പരം സ്വദേശങ്ങള്‍ പങ്ക് വെച്ചപ്പോഴാണത്രെ തന്നെ കുറിച്ച് പറഞ്ഞത്.സത്യേട്ടന്‍ തന്നെ ഇപ്പോഴും ഓര്‍ത്തിരിക്കുന്നു എന്നത് അത്ഭുതമാകുന്നു.പഠിപ്പെല്ലാം കഴിഞ്ഞ് വലിയ നിലയില്‍ എത്തിയെന്ന് അറിഞ്ഞിരുന്നു.പിന്നെ വല്ലപ്പോഴും നാട്ടിലെ പഴയകാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍  ചുരുണ്ട മുടിക്കാരന്‍ അറിയാതെ മനസ്സില്‍ തെളിഞ്ഞ് വന്നിരുന്നു എന്നത് നേര്.ടി.വിയില്‍ പഴയകാല ചിത്രങ്ങളിലെ നാടന്‍പ്രേമം കാണുമ്പോഴും സത്യേട്ടനെ കുറിച്ചുള്ള സുഖകരമായ ചിന്തകള്‍ കടന്ന് വരികയുണ്ടായി എന്നതും സമ്മതിക്കുന്നു.അതിനപ്പുറം ആ മനുഷ്യനുമായി തനിക്ക് എന്ത് ബന്ധമാണുള്ളത്്.തിരിച്ച്  തന്നോടും മറിച്ചൊരു അടുപ്പമുണ്ടായിരുന്നതായും അറിവില്ല.എന്നിരിക്കെ പിന്നെന്ത് കൊണ്ടാണ് അത്രക്കും ആവേശത്തില്‍ അദ്ദേഹം സംഭവം അവതരിപ്പിച്ചത്.തന്‍െറ മനസ്സ് അറിയാനുള്ള ശ്രമമായിരുന്നിരിക്കണം.
  പിന്നീട് പലപ്പോഴായി സത്യചന്ദ്രന്‍ ഒരുവിഷയമായി തങ്ങള്‍ക്കിടയില്‍ കടന്ന് വരികയുണ്ടായി.ഒരിക്കല്‍ ഡോ.സത്യചന്ദ്ര ബാബുവിന് വിദേശ ബഹുമതി എന്ന പത്രവാര്‍ത്ത അറിയിക്കാനായി അറിയിക്കാനായി അതിരാവിലെ വിളിച്ചുണര്‍ത്തുമ്പോള്‍ പറഞ്ഞ വാക്കുകള്‍ നെഞ്ചില്‍ നീറിപ്പുകഞ്ഞു.‘എടോ തന്‍െറ കളിക്കുട്ടുകാരന് എന്താണ് കിട്ടിയതെന്നറിയേണ്ടേ?’ .അത് കേട്ടപ്പോള്‍ സങ്കടമൊന്നും തോന്നിയില്ല.സത്യം പറഞ്ഞാല്‍ അഭിമാനമാണ് തോന്നിയത്.തന്‍െറ സന്തോഷം എങ്ങനേയും നേരിട്ട് അറിയിക്കണമെന്നും ആഗ്രഹിച്ചു.വിലാസമോ ഫോണ്‍ നമ്പറോ ഒന്നും തന്നെ കൈയിലുണ്ടായിരുന്നില്ല.ഒരിക്കല്‍ പരിചയപ്പെട്ട ബന്ധത്തില്‍ എന്നെങ്കിലുമൊരിക്കെ തങ്ങളുടെ താമസസ്ഥലം തേടിയത്തെുമെന്നും അല്ളെങ്കിലെപ്പോഴെങ്കിലും ഒന്ന് ഫോണില്‍ വിളിക്കുമെന്നും പലപ്പോഴും കൊതിച്ചിരുന്നു.അങ്ങനെയൊന്നുമൊരിക്കലുമുണ്ടായില്ല.
  പിന്നീടൊരിക്കല്‍ പഴയഗാനങ്ങള്‍ കേട്ടിരിക്കെ തനിക്ക്  യോജിച്ചയാള്‍ മൂപ്പര്‍ തന്നെ എന്ന് പറഞ്ഞപ്പോള്‍ ചോദ്യഭാവത്തില്‍ മുഖമുയര്‍ത്തിയത് ബോധപൂര്‍വം തന്നെയായിരുന്നു.ഉദ്ദേശിച്ച മൂപ്പര്‍ ആരാണെന്ന്  പറയുന്നതെന്ന് കൃത്യമായി കേള്‍ക്കണം.അത്ര മാത്രമേ ആഗ്രഹിച്ചതുള്ളൂ.മറുപടി ഉടനെയുണ്ടായി .സത്യ ചന്ദ്രനേ....മൂപ്പരന്ന് മനോഹരമായി പാടി.....പഴയ ഒന്ന് രണ്ടെണ്ണം.എനിക്ക് വരെ എന്തൊരു അനുഭൂതിയായിരുന്നുവെന്നോ?എന്ത് കൊണ്ട് അക്കാര്യം ഇത്രയും  നാള്‍ പറഞ്ഞില്ളെന്ന് ചോദിക്കാന്‍ തുടങ്ങിയതാണ്.വേണ്ടെന്ന് വെച്ചു.അതുണ്ടാക്കുന്ന പുകിലുകള്‍ ഊഹിക്കാവുന്നതായിരുന്നു.എന്നാലും അതേത് പാട്ടുകള്‍ ആയിരുന്നുവെന്ന് അറിയണമെന്നുണ്ടായിരുന്നു.ഹിന്ദിയായിരുന്നുവല്ളോ ഏറെയിഷ്ടം.റഫിയോ കിഷോറേ അതോ ഹേമന്ത് കുമാറോ ? എല്ലാവരേയും ഒരുപോലെ ഇഷ്ടമായിരുന്നു.മലയാളമായിരുന്നുവെങ്കില്‍ ഏതായിരുന്നിരിക്കണം? മാണിക്യ വീണയായിരുന്നല്ളോ ഫേവറിറ്റ്.മായാജാലക വാതില്‍ തുറക്കും മധുരസ്മരണകളും നന്നേയിഷ്ടമായിരുന്നു.
  സത്യേട്ടന്‍െറ കാര്യമോര്‍ത്തായിരുന്നിരിക്കണം നാവാമുകുന്ദനെ കാണാന്‍ പോകാന്‍ അനുമതിക്കാതിരുന്നതിന്‍െറ   പിന്നിലെന്ന കാര്യം സ്പഷ്ടമായിരുന്നു.അന്നതിനെ ചോദ്യം ചെയ്യാനുള്ള ശക്തിയൊന്നും കിട്ടാതെ പോയി.മാധവികുട്ടിയുടെ രചനകളെ എല്ലാവരും ആഘോഷിക്കുമ്പോള്‍ ബോധപൂര്‍വം അതില്‍ നിന്ന് അകലം പാലിച്ചു.എന്തിന് വേണ്ടി?തിരിഞ്ഞ് നോക്കുമ്പോള്‍ നഷ്ടബോധം തോന്നുന്നു.ആനുകാലികങ്ങളില്‍ വന്ന അവരുടെ വിവാദ അഭിമുഖങ്ങളെ കുറിച്ച് കൂട്ടുകാരികള്‍ പറയുമ്പോള്‍ കൂടുതല്‍ അറിയാന്‍ ആഗ്രഹിച്ചില്ല.മനസ്സില്‍ സ്വയം തീര്‍ത്ത വേലിക്കെട്ടുകള്‍ക്ക് അകത്ത് ഒതുങ്ങി കൂടാന്‍ തീരുമാനിച്ചതിനാലായിരുന്നുവല്ളോ. അതെല്ലാം വേണ്ടെന്ന് വെച്ചപ്പോഴും മനസ്സില്‍ കാര്യമായൊരു വിഷമം തോന്നിയിരുന്നില്ല.എന്നാല്‍ മാനേജ്മെന്‍റ് കുലപതിയുടെ ആകസ്മിക വേര്‍പാടിന്‍െറ മാധ്യമ വാര്‍ത്തകള്‍ വന്നപ്പോള്‍ വീട്ടിലതൊരു ചര്‍ച്ചാ വിഷയമേ ആകാതെ പോയപ്പോള്‍ മനസ് നീറിപ്പുകഞ്ഞു.ഒരു പക്ഷേ ആ വേര്‍പാട് അദ്ദേഹത്തിന് സന്തോഷം നല്‍കിയിട്ടുണ്ടാകുമോ?
  തിരിച്ച് വരാത്ത ലോകത്തേക്ക് യാത്രയാകും മുമ്പേ സത്യേട്ടനെ കാണണമെന്ന് തുറന്ന് പറയാന്‍ കഴിയാതിരുന്നത് എന്ത് കൊണ്ട് ?പലപ്പോഴും അങ്ങനെ ചെയ്യാതിരുന്നതോര്‍ത്ത് ഒരുപാട് ദു$ഖിച്ചിട്ടുണ്ട്. വന്ന് വന്നൊടുവില്‍ മനസ്സില്‍ നിന്ന് എല്ലാ ദു$ഖങ്ങളും പരിഭവങ്ങളു ക്രമേണ ഇല്ലാതായി.ഒറ്റപ്പെടലിന്‍െറ നാളുകളില്‍ ഏത് ക്ഷേത്രത്തില്‍ പോകണമെന്ന് പറഞ്ഞാല്‍ അവിടെ കൊണ്ട് പോകാനായി മക്കളും മരുമക്കളും സദാ തയ്യാറയി വന്നപ്പോള്‍ ആഗ്രഹം തീരെ ഇല്ലാതായി .ആരോഗ്യം തീരെ കുറയും മുമ്പേ കൈലാസ യാത്ര നടത്തണമെന്ന്പറഞ്ഞവരോട്് ഇനിയിപ്പോള്‍ എന്താഗ്രഹങ്ങള്‍ എന്ന് പറഞ്ഞ് ചിരിച്ചൊഴിയുകയായിരുന്നു.
 കഴിഞ്ഞതെല്ലാം കഴിഞ്ഞു.അതെന്ത് തന്നെയായാലൂം ഇപ്പോള്‍ കാണിക്കുന്ന ഉദാസീനത കളയുക തന്നെ വേണം.മക്കളോടും പിന്നീട് കൊച്ച് മക്കളോടും ചാരത്തില്‍ പൂണ്ട് കിടക്കുന്ന മടിയുള്ള പൂച്ചയെ കുറിച്ച് താന്‍ തന്നെ എത്രയോ തവണ പറഞ്ഞിരിക്കുന്നു.ഒടുവില്‍ അറം പറ്റിയ പോലെയായല്ളോ? താനുമേതാണ്ട് അത് പോലെ തന്നെയായി.സുശീല വരാത്ത ദിവസങ്ങള്‍ അനുഗ്രഹങ്ങളായി മാറി.അടുക്കളയില്‍ കയറുവാന്‍ മടി.ഫ്രിഡ്ജില്‍ എടുത്ത് വച്ചിരിക്കുന്നതെടുത്ത് മൈക്രോ വേവില്‍ ചൂടാക്കി കഴിക്കാന്‍ പോലും മടിയായി .എത്ര തന്നെ സ്വയം കുറ്റപ്പെടുത്തിയാലും യാതൊരു തരത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ളെന്ന് നല്ലപോലെ ബോധ്യമുണ്ട്.എന്നിട്ടും ഒന്നിനും സാധിക്കുന്നില്ല.
   പതിനായിരങ്ങള്‍ അനുയായികളായ ആത്മീയാചാര്യന്‍െറ സദ്സംഗിലേക്ക് മൂന്നാംനാള്‍ തന്നെ പേകേണ്ടെന്ന് തീരുമാനിക്കാനുണ്ടായ ധൈര്യം പിന്നീട് ഓര്‍ക്കുമ്പോള്‍ ആശ്ചര്യപ്പെടുത്തുന്നു.വലിയമ്മയുടെ മകള്‍ അംബിക ചേച്ചിയാണ് അങ്ങോട്ടേക്ക് ആദ്യമായി ക്ഷണിച്ചത്.ഭര്‍ത്താവ് മരിച്ച് കുട്ടികള്‍ അടുത്തില്ലാത്ത സ്ത്രീകള്‍ക്ക് ഇത്തരം ഗുരുക്കന്മാരെ  കണ്ടത്തൊനായില്ളെങ്കില്‍ പിന്നെ ആകെ പ്രശ്നമാണെന്ന പക്ഷക്കാരിയാണ് അവര്‍.ഇതിനോടകം നാലഞ്ച് പേര്‍ ചേച്ചിയുടെ ഗുരുക്കന്മാരായി.ഓരോ പുണ്യ സ്ഥലങ്ങളിലും രണ്ട് വട്ടത്തിലേറെ തീര്‍ത്ഥയാത്ര പോയി.ശിവശങ്കരേട്ടന്‍ അടുത്തുള്ളപ്പോഴും അവരങ്ങിനെ തന്നെയായിരുന്നുവല്ളോ. അക്ഷരാര്‍ത്ഥത്തില്‍ 365 ദിവസവും വീട്ടില്‍ കാണില്ല. ഏട്ടന്‍െറ അമ്മയേയും അവിവാഹിതയായ ഏട്ടത്തിയേയും നോക്കേണ്ടി വരുമല്ളോ എന്ന ഭയമായിരുന്നു അവര്‍ക്ക്. ഊര്  ചുറ്റലിന്  പിന്നിലെ രഹസ്യം  അതാണെന്ന് തിരിച്ചറിയാത്തവരായി ആരും തന്നെയുണ്ടായിരുന്നില്ല.അവരിരുവരും  മരിച്ചതോടെ സര്‍ക്കീട്ടും കുറഞ്ഞു.
  ‘എന്നാലും നീ ചെയ്യുന്നതൊന്നും ശരിയല്ല സുജാതേ ’യെന്ന് പറഞ്ഞ് കഴിഞ്ഞൊരു ദിവസം ചേച്ചി ഓടിക്കിതച്ച് വന്നപ്പോള്‍ സത്യം പറഞ്ഞാല്‍ അരിശം തോന്നി.കാര്യമെന്താണെന്ന് തിരക്കിയപ്പോഴല്ളേ രസം.എം.ജി റോഡിലെ മള്‍ട്ടിപ്ളക്സില്‍ തന്നെ കണ്ടവരുണ്ട് എന്നായിരുന്നു ചൂട് വാര്‍ത്ത.ഷോപ്പിങ്ങ് മാളിലെ സൂപ്പര്‍ മാര്‍ക്കറ്റിലോ അല്ളെങ്കില്‍ പിന്നെ അവിടെ തന്നെയുള്ള ബുക്സ്റ്റാളിലോ പോയതായിരിക്കുമെന്ന് പറഞ്ഞ് ചേച്ചി രക്ഷിക്കാന്‍ ശ്രമിച്ചുവത്രെ.ഒരു സംശയവുമില്ല തീയേറ്റില്‍ തന്നെയാണ് കണ്ടതെന്ന് അയാള്‍ തറപ്പിച്ച് പറഞ്ഞെന്നായി പിന്നീടുള്ള പരിദേവനം.‘നീ എന്ത് ഭാവിച്ചാണ് മോളേ ഇങ്ങനെയൊക്കൊ? ബാലകൃഷ്ണന്‍െറ വീട്ടുകാര്‍ ആരെങ്കിലുമിതെക്കൊ അറിഞ്ഞാല്‍ ആര്‍ക്കാണ് കുഴപ്പം’.ചേച്ചി മോറല്‍  പോലീസില്‍ ചേര്‍ന്നതറിഞ്ഞില്ളെന്ന് തമാശ പറഞ്ഞു നോക്കി.അതിന് പാവം നല്‍കിയ മറുപടി കേട്ടപ്പോള്‍ കഷ്ടം തോന്നി.‘ഞാനല്ല പോലീസ് .അവിടേക്കൊ മുഴുവന്‍ ശരി പോലീസുകാരായുള്ളേ. ഈ കോളജ് പിള്ളേരെ പിടിക്കാന്‍. മുടി ഡൈ ചെയ്ത ചില കൊച്ചമ്മമാര് ചെറിയ ആമ്പിള്ളേര്‍ക്ക് ചെല്ലും ചെലവും കൊടുത്ത് അവിടേം ലോഡ്ജിലുമൊക്കൊ കൊണ്ട് പോകൂന്നാ പറയുന്നേ.പിന്നെ നിന്‍െറ മുടി നരച്ചത് ഭാഗ്യം .നിന്‍െറ കൂടെ ചുരിദാറിട്ട പെണ്‍പിള്ളേരായിരുന്നല്ളോ?ആരായിരുന്നു?ഹര്‍ഷയും വര്‍ഷയുമായിരുന്നോ?.ചേച്ചിയുടെ വിചാരണയെ സംയമനത്തോടെ നേരിടാനായത് മഹാ ഭാഗ്യം.
എതിര്‍ വശത്തെ പെണ്‍കുട്ടികള്‍ സ്നേഹത്തോടെ ഞങ്ങള്‍ക്ക് സിനിമക്ക് പോകാന്‍ കൂട്ട് വരുമോ എന്ന് ചോദിച്ചപ്പോള്‍ നിരസിക്കാനായില്ല.എന്തായാലും ദുര്‍നടപ്പ് വാര്‍ത്ത കേള്‍ക്കാന്‍ നല്ല രസമുണ്ട്.ആരായിരിക്കും ചേച്ചിയുടെ ഗസ്റ്റപ്പോ?.അതറിയാന്‍ ആഗ്രഹം തോന്നിയെങ്കിലും വേണ്ടെന്ന് വെച്ചു.വെറുതെ എന്തിനതറിയണം.സദാസമയവും പ്രാര്‍ത്ഥനയും ധ്യാനവുമായി നടക്കുന്ന അംബിക ചേച്ചിയുടെ ഓരോ അറിവുകളേ..അതിലെ തമാശ ആസ്വദിക്കാന്‍ കഴിഞ്ഞല്ളോ അത് മതി.കൊച്ചു മക്കളുമായി ചാറ്റ് ചെയ്യാന്‍ കമ്പ്യൂട്ടര്‍ പഠിക്കണമെന്ന് ഹര്‍ഷയും വര്‍ഷയും നിര്‍ബന്ധിച്ചപ്പോള്‍ മനസ്സില്ലാമനസ്സോടെയാണ് സമ്മതിച്ചത്.അതേതായാലും നന്നായി.ഓണ്‍ലൈനില്‍ ഷോപ്പിങ്ങ് നടത്താനും പഴയ ഗാനങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാനുമൊക്കൊ തനിക്ക് കഴിയുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നതല്ല.ഒടുവില്‍ ഫേസ് ബുക്കിലും അക്കൗണ്ട് തുറന്നു.കുറച്ച് കാലം മുമ്പ് അതിന് സാധിച്ചിരുന്നുവെങ്കില്‍ എന്ന് തോന്നി.വിരസമായ ദിവസങ്ങളില്‍ മുമ്പൊക്കൊ മനസ്സില്‍ പലപ്പോഴും നെഗറ്റീവ് ചിന്തകള്‍ നാമ്പിട്ടിരുന്നുവെന്നത് സത്യമാണ്.അതില്‍ നിന്ന് സാരമായ മാറ്റങ്ങളുണ്ടായെന്നതും നേര്.‘വൃദ്ധ ജനങ്ങളും വിവര സാങ്കേതിക വിദ്യ’യുമെന്ന വിഷയത്തില്‍ ആകാശവാണിയില്‍ ഒരു പ്രഭാഷണം നടത്തിയാലോ എന്ന് വരെ തോന്നിയതുമാണ്.
 എന്തായാലും ചാനല്‍പ്രഭാഷകന്‍ കൊള്ളാം.ആത്മീയതയും മാനേജ്മെന്‍റ് തിയറിയും സമാസമം ചേര്‍ത്തുള്ള പരിപാടിക്ക് ആളുണ്ടാകും.പാശ്ചാത്യവും പൗരസ്ത്യവുമായ ദര്‍ശനങ്ങളെ സമന്വയിപ്പിക്കുന്ന പുതിയ തന്ത്രങ്ങള്‍ക്ക് പുതിയ കാലത്ത് നല്ല  മാര്‍ക്കറ്റായിരിക്കും.അറുപതുകളുടെ മധ്യത്തിലുള്ള തനിക്ക് എന്ത് കൊണ്ട് അത്തരമൊന്നിന് തുടക്കം കുറിച്ചു കൂടാ.ചിന്തകളെ വെറുതെ കയറൂരി വിട്ടപ്പോള്‍ നല്ല രസം .അര മണിക്കൂര്‍ പ്രഭാഷണം കഴിയാറായെന്ന് തോന്നുന്നു.ആളുടെ പേര് എഴുതി കാണിച്ചില്ലല്ളോ? അറിയണമെങ്കില്‍ കാത്തിരിക്കാതെ വയ്യല്ളോ?.ഒടുവില്‍ അതാ കാണുന്നു. രാഹുല്‍ സത്യരാജ് .സത്യേട്ടന്‍െറ മകനായിരിക്കുമോ ആവോ? ഒപ്പം എഴുതികാണിക്കുന്നു ഇ-മെയില്‍ ഐഡിയും സെല്‍ നമ്പരും എഴുതിയെടുക്കാന്‍ സാധിക്കുമോ? നേരെ സെല്ലില്‍ നിന്ന് ഡയല്‍ ചെയ്താലോ? നമ്പറിലേക്ക് റിങ്ങ് പോയി കഴിഞ്ഞല്ളോ ?അതാ റിങ്ങ് ടോണ്‍ ..മാണിക്യ വീണയുമായെന്‍.............സത്യേട്ടന്‍െറ ഇഷ്ടഗാനം ..കാള്‍ അറ്റന്‍റ് ചെയ്യുമ്പോള്‍ എന്ത് പറയണം?.എന്താണ് ചോദിക്കേണ്ടത്?സത്യേട്ടന്‍െറ മകനാണോ എന്ന് ആദ്യം തന്നെ ചോദിക്കുന്നത്  ശരിയാകുമോ?ശരീരം തളരുന്നത് പോലെ.എന്തിനാണ് വേണ്ടാത്ത പണിക്ക് പോയത്.സ്വയം കുറ്റപ്പെടുത്താന്‍ തോന്നി.ഒന്നും പറയേണ്ട. ഫോണ്‍ കട്ട് ചെയ്തേക്കാം. തിരിച്ച് വിളിച്ചാല്‍ വെറുതെയെങ്കിലും പറഞ്ഞ് വെക്കാം.അത്ര തന്നെ.

  അയ്യോ..അതാ മൊബൈല്‍ റിങ്ങ് ചെയ്യുന്നു.നേരത്തെ വിളിച്ച അതേ നമ്പര്‍. താന്‍  ഹലോ പറയേണ്ട താമസം മറുപടി-യെസ് മാഡം പറയൂ.ഒരൊറ്റ ശ്വാസത്തില്‍ പറഞ്ഞ് നിര്‍ത്തി .‘യുവര്‍ ടാക്ക് വാസ്  സോ എക്സലന്‍റ്. ബട്ട് ഒണ്‍ലി വണ്‍ റിജോയ്ന്‍്റര്‍.വാട്ടവെര്‍ മേ ബി യുവര്‍ സ്റ്റാന്‍്റ് ഐ ഹാവ് ടു റിവീല്‍ മൈ ഒപീനിയന്‍.ഐം ആം നോട്ട് കറക്റ്റിങ്ങ് ലോര്‍ഡ് ബുദ്ധ.ബട്ട് ....വാക്കുകള്‍ കിട്ടുന്നില്ലല്ളോ? മലയാളത്തില്‍ തന്നെ പറഞ്ഞു.‘എനിക്ക് ഭൂതകാലത്തെ മറക്കാനാവില്ല,അത്ര തന്നെ’ .....അങ്ങത്തേലക്കലെ മൗനത്തില്‍ നിന്ന് രാഹുലിന്‍െറ അമ്പരപ്പ് തിരിച്ചറിയാനായി.സത്യേട്ടനെ കുറിച്ചൊന്നും ചോദിച്ചതേയില്ല.സാരമില്ല.ഇനിയതിന്‍െറ ആവശ്യമെന്ത്?.മനസ്സില്‍ ഗൗതമന്‍ നിറഞ്ഞു.അവിവേകമാണെങ്കില്‍ അങ്ങ് പൊറുക്കില്ളേ? ഗുരു നിന്ദയായി കാണല്ളേ ഭഗവാനെ.......

കഥ


അക്കേഷ്യാ മരങ്ങള്‍ പൂക്കും കാലം  


   വി.ആര്‍.രാജ മോഹന്‍

 ഇനി എന്നാണ് ഈ വീട്ടിലെ ചോര്‍ച്ച മാറ്റുക.അടുത്ത മഴക്കാലത്തും ഇങ്ങനെയാണെങ്കില്‍   ഇവിടെ താമസിക്കാന്‍ എന്നെ കിട്ടില്ല.സുനന്ദ അന്ത്യശാസനം നല്‍കി.എത്ര നാള്‍ എന്ന് കരുതിയാണിത് സഹിക്കുക.പുതിയ വീടൊന്നും വേണമെന്നില്ല.കുട പിടിച്ചൊന്നും അടുക്കളയില്‍ കയറാനൊന്നും പറ്റില്ല.സുനന്ദ പരിദേവനം തുടരുകയാണ്.ചോര്‍ന്നൊലിക്കാത്ത ഏതെങ്കിലും ഭാഗമുണ്ടോ ഈ വീട്ടില്‍ .അവള്‍ ഇനി അങ്ങോട്ട് പറയാന്‍ പോകുന്നതെല്ലാം വേണമെങ്കില്‍ കാണാതെ പറയാം.
  സ്കൂളില്‍ നിന്ന്  പലരും വീട്ടിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ വേണ്ടാന്ന് പറഞ്ഞിരിക്കുകയാണ്താനെന്ന് സുനന്ദ പലപ്പോഴും പറയാറുണ്ട്.അവള്‍ പറയുന്നതിലും കാര്യമുണ്ട്.മുതുമുത്തശ്ശന്‍െറ കാലത്ത് പലപ്രമുഖരും താമസിച്ചിടമാണെന്നും പറഞ്ഞ് മുത്തശ്ശന്‍ അഭിമാനം കൊള്ളുന്നത് മനസില്‍ തെളിഞ്ഞ് വന്നു. നീ വലുതായി ഭാര്യയും മക്കളുമൊക്കൊയാകുമ്പോള്‍ ഈ പഴഞ്ചന്‍ വീട്ടില്‍ താമസിക്കാന്‍ പറ്റുമെന്നൊന്നും തോന്നുന്നില്ല.പത്ത് സെന്‍്റ് സ്ഥലത്ത് നിറഞ്ഞ് നില്‍ക്കുന്ന പഴയ കെട്ടിടം പൊളിച്ച് അതിലെ  കല്ലും മരവുമൊക്കൊ ഉപയോഗിച്ച് വേണമെങ്കില്‍ പുതിയൊരു വീട് പണിയാം.നിനക്ക് പണവും ലാഭിക്കാം.  അത്രയെങ്കിലും ചെയ്തില്ളെങ്കില്‍ കാരവണന്മാര്‍ക്ക് സഹിക്കില്ല.തീരെ അവശതയില്‍ കഴിയുമ്പോള്‍ മുത്തശ്ശന്‍ ഒരു ദിവസം വേദനയോടെ പറഞ്ഞു.
  സുനന്ദ ആദ്യമായി വീട്ടിലേക്ക് വരുമ്പോള്‍ പഴയ അടുക്കളയാണെങ്കിലും അമ്മ തന്നെ എല്ലാം തൂത്തും തുടച്ച് ഭംഗിയായി സൂക്ഷിച്ചിരുന്നു.അച്ഛന്‍ മരിച്ചതില്‍ പിന്നെ അമ്മക്കാകട്ടെ എല്ലാറ്റിനോടും നിര്‍വികാരതയായിരുന്നു.എങ്കിലും വീട്ടിലെ കാര്യങ്ങള്‍ ഒരുവിധം  കൃത്യമായി നോക്കി നടത്തിയിരുന്നു.അമ്മക്ക് വയ്യാതായതില്‍ പിന്നെ  സുനന്ദക്ക് ഒറ്റക്ക് നോക്കി നടത്താന്‍ പറ്റാതായി.ഓരോ ക്ളാസ് പിന്നിടുമ്പോഴൂം അംഗിതിന്‍െറ കാര്യം കൂടുതല്‍ ബുദ്ധിമുട്ടിലാകുകയായിരുന്നു.സ്കൂള്‍ വിട്ട് വന്നാല്‍ പിന്നെ അവന്‍െറ പിന്നാലെ തന്നെ പോകേണ്ട സ്ഥിതി. നശിച്ച് കിടക്കുന്നപഴയ വീട്ടിലെ താമസം സുഖകരമാകില്ളെന്ന  അവസ്ഥ സ്വാഭാവികം.
    ആദ്യമൊക്കെ അവള്‍ വേദന കടിച്ച് പിടിച്ചു.പിന്നീട് ഇടക്കിടെ കരച്ചിലായി.ഒടുവിലത്  ശീലമായി.സ്കൂളിലെ മറ്റ് അധ്യാപികമാരുടെ ഹൗസ് വാമിങ്ങിന് പോയി മോഡുലാര്‍ കിച്ചണ്‍ കാബിനറ്റും  മൈക്രോവേവ് ഓവനും മറ്റും കണ്ട് മടങ്ങും ദിവസങ്ങളില്‍ സുനന്ദയെ പിടിച്ചാല്‍ കിട്ടില്ല.ദേഷ്യവും സങ്കടവും കൊണ്ട് അവള്‍ ഉറഞ്ഞ് തുള്ളും.ഞാന്‍ എന്‍െറ വിഷമം കരഞ്ഞ് തീര്‍ത്തു കൊള്ളാം അതില്‍ ആരുമിടപെടേണ്ട.ചിലരൊക്കൊ മദ്യപിച്ചും മറ്റും വിഷമം തീര്‍ക്കാറില്ളേ? ഞാനത് പോലെ കരയുന്നു എന്നേയുള്ളൂ.ആശ്വാസ വാക്കുകള്‍ കൊണ്ട് ഒരു പ്രയോജനവുമില്ളെന്ന് മനസ്സിലാക്കിയതോടെ അത്തരം ശ്രമങ്ങള്‍ അവസാനിപ്പിച്ചു.അമ്മ കൂടി മരിച്ചതോടെ സുനന്ദയുടെ കാര്യങ്ങള്‍ അങ്ങേയറ്റം കഷ്ടത്തിലാണ്.  രണ്ട് ജില്ലകള്‍ക്ക് അപ്പുറത്ത് സ്ഥലം മാറ്റം എല്ലാം തകിടം മറിച്ചു.ഒന്നരാടം മാത്രമേ വീട്ടില്‍ എത്താന്‍ പറ്റുകയുള്ളൂ എന്ന് വന്നപ്പോള്‍ ജോലി കളഞ്ഞാലോ എന്ന് വരെ തോന്നിച്ചു.അംഗിതിനെ മികച്ച രീതിയില്‍ പഠിപ്പിക്കണം.തനിക്ക് പറ്റാതിരുന്ന കാര്യങ്ങള്‍ കിട്ടാതിരുന്ന അവസരങ്ങള്‍ എല്ലാം അവന് കൊടുക്കണം.ജോലി കളയാന്‍ വളരെ എളുപ്പമാണ്.രണ്ട്ദിവസം പണിയൊന്നുമില്ലാതെ ചുറ്റിത്തിരിയുമ്പോളറിയാം ജോലിയുടെ വില.സുനന്ദ നിരുത്സാഹപ്പെടുത്തലിന് പതിവ് പോലെ കീഴടങ്ങി.നിനച്ചിരിക്കാതെ സ്ഥലംമാറ്റം കിട്ടിയതോടെ അല്പം ആശ്വാസമായി.
  പുതിയ വീടു നിര്‍മ്മാണ രീതികളെ പരിചയപ്പെടുത്തുന്ന പ്രത്യേക പതിപ്പിലേക്ക് അഭിമുഖത്തിനായിട്ടായിരുന്നു ആദ്യമായി ആര്‍ക്കിടെക്റ്റ് സിദ്ധാര്‍ത്ഥ ചന്ദ്രന്‍െറ അടുത്ത് പോയത്.ഗ്രീന്‍ ആര്‍ക്കിടെക്ച്ചറിന്‍െറ വക്താവായ കക്ഷി വീട് നിര്‍മ്മാണത്തിന് അനാവശ്യമായി പണം ചെലവിടുന്നതിനോട് ശക്തമായ എതിര്‍പ്പുള്ളയാളാണ്.നഗരത്തിലെ പഴയ പാണ്ടിക ശാല തന്‍െറ അതിമനോഹരമായ ഓഫീസും സ്റ്റുഡിയോയും ആക്കി മാറ്റി സിദ്ധാര്‍ത്ഥ ചന്ദ്രന്‍ വാക്കും പ്രവര്‍ത്തിയും ഒന്ന് തന്നെ തെളിയിച്ചിട്ടുള്ളയാളാണ്.ആര്‍ട്ടിക്കിളിനാവശ്യമായ ചോദ്യങ്ങള്‍ക്ക് വിശദമായ ഉത്തരങ്ങള്‍ ലഭിച്ച ശേഷം സമയം ബാക്കി.പരസ്പരമുള്ള പരിചയപ്പെടലിന് സാവകാശം കിട്ടി.പറഞ്ഞ് വന്നപ്പോള്‍ മൂപ്പരുടെ മുത്തശ്ശന്‍ പ്രശസ്തനായ അഭിഭാഷകന്‍ സ്വാതന്ത്ര സമര കാലത്ത് തറവാട്ടിലാണത്രെ ഒളിവില്‍ കഴിഞ്ഞിരുന്നത്.വീട് ഇപ്പോഴുണ്ടോ അതോ പൊളിച്ചോ? ആവേശത്തോടെ സിദ്ധാര്‍ത്ഥന്‍ ചോദിച്ചു.ഇല്ല എനിക്കാണ് അത് കിട്ടിയത്.എല്ലാം പഴയതായി.പൊളിച്ച് പുതിയത് ഒന്ന് പണിയണമെന്നുണ്ട്.ചെറിയൊരു നിശ്വാസം അദ്ദേഹത്തില്‍ നിന്നുണ്ടായി.പൊളിക്കരുതെന്ന്  ഉപദേശിക്കാന്‍ വാസ്തവം പറഞ്ഞാല്‍ എനിക്ക് ധാര്‍മ്മികമായി യാതൊരു അര്‍ഹതയുമില്ല.ഞങ്ങളുടെ ആന്‍സിസ്റ്ററല്‍ പ്രോപ്പര്‍ട്ടി പൊളിച്ച സംഭവം നിങ്ങള്‍ മീഡിയ വലിയ വാര്‍ത്തയാക്കിതാണ്.അങ്ങനെ സംഭവിക്കാതിരിക്കാന്‍ ഫാമിലിക്കകത്ത് ഞാന്‍ ഒരുപാട് ഫൈറ്റ് ചെയ്ത് നോക്കിയതാണ്.അവകാശികളായി അനവധി പേരുണ്ട്.അവരാര്‍ക്കും തീരെ താല്പര്യമില്ല.മിക്കവരും സ്റ്റേറ്റ്സിലും മറ്റുമാണ്.ചിലര്‍ ഇങ്ങനെയൊരു വസ്തുവില്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നുള്ള കാര്യം പോലും അറിയത്തവരായിരുന്നു.പക്ഷെ അറിഞ്ഞ് വന്നപ്പോള്‍ എത്രയും പെട്ടെന്ന് അത് വിറ്റ് പണം നല്‍കിയാല്‍ മതിയെന്ന് പറഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍ മിക്കവരുടേയും ഇ മെയില്‍  എത്തി.ഒരു ട്രസ്റ്റ് രൂപീകരിച്ച് എല്ലാവര്‍ക്കും കൃത്യമായ റിട്ടേണ്‍സ് കിട്ടുന്ന നല്ളൊരു ഹെരിറ്റേജ് ഹോട്ടലാക്കി മാറ്റാനുള്ള ഡീറ്റയില്‍ഡ് പ്രൊപ്പോസല്‍ ഞാന്‍ തയ്യാറാക്കി എല്ലാവര്‍ക്കും അയച്ച് കൊടുത്തതാണ്.വിത്ത് ആള്‍ ദ് ഡീറ്റയില്‍സ് ഇന്‍ക്ളൂഡിങ്ങ് ദ് ത്രീഡി ഡ്രോയിങ്ങ്സ് ആന്‍്റ് അദര്‍ സപ്പോര്‍ട്ടിങ്ങ് മെറ്റീരിയല്‍സ്.ആര്‍ക്കും അതൊന്നും തീരെ ഇഷ്ടമായില്ല.നിങ്ങള്‍ കാണുന്നുണ്ടല്ളോ അവിടെ ഉയര്‍ന്ന് പൊങ്ങിയ കോണ്‍ക്രീറ്റ് ജംഗിള്‍.
   വീട്ടില്‍ മടങ്ങിയത്തെയപ്പോഴാണ് തറവാട് പുതുക്കിപ്പണിഞ്ഞലോ എന്ന ആലോചന ആദ്യമായി മനസ്സില്‍ ഉടലെടുത്തത്.സിദ്ധാര്‍ത്ഥ ചന്ദ്രനോട്  നല്ളൊരു ഫേസ് ലിഫ്റ്റിന്‍െറ കാര്യം പറയാമായിരുന്നു.സാരമില്ല ,അതൊന്നും നടപ്പില്‍ വരുന്ന കാര്യമല്ല.വെറുതെ എന്തിന് ആവശ്യമില്ലാത്ത മോഹങ്ങള്‍.രാത്രി സുനന്ദയെ കെട്ടിപ്പിടിച്ച്് കിടക്കുംനേരം പതിയെ പറഞ്ഞു.നമുക്ക് ഈ വീടിന്‍െറ മുഖമൊന്ന് മിനുക്കിയാലോ?കൈകള്‍ വിടുവിച്ച് അവര്‍ അകന്ന് കിടന്നു.ഒള്ള കാശ് കളയേണ്ട.ഞാന്‍ പി.എഫ് ലോണെടുക്കാം.അച്ഛനോട് കുറച്ച് പണം തരാനും പറയാം.എന്നിട്ട് ഇവിടെ തന്നെ വൃത്തിയുള്ള ചോരാത്ത കുഞ്ഞൊരു വീട് പണിയാം.സുദര്‍ശന് പത്രപ്രവര്‍ത്തകര്‍ക്കുള്ള ഹൗസിങ്ങ് സബ്സിഡി ഒരു ലക്ഷമില്ളേ അതും വാങ്ങിച്ചെടുക്കാം.
  മിസ്റ്റര്‍ സുദര്‍ശന്‍,ഹിയര്‍ ഐയാം സിദ്ധാര്‍ത്ഥ ചന്ദ്രന്‍, ആര്‍ക്കിടെക്റ്റ്.എനിക്കൊരു അര്‍ജന്‍്റ് മാറ്റര്‍ സംസാരിക്കാനുണ്ട്.ഒന്ന് ഓഫീസ് വരെ വന്നാല്‍ തരക്കേടില്ല.കാര്യം എന്താണെന്ന് തിരക്കാതെ തന്നെ ചെന്നു.ഓഫീസില്‍ ക്ളയന്‍്റ്സോ  മറ്റ് സ്റ്റാഫോ ആരും തന്നെ ഉണ്ടായിരുന്നില്ല.സത്യം പറഞ്ഞാല്‍ തന്‍െറ വിസിറ്റിങ്ങ് കാര്‍ഡ് തപ്പിയെടുക്കാന്‍ അല്പം ബുദ്ധിമുട്ടി.അല്ലായിരുന്നുവെങ്കില്‍ കുറച്ച് കൂടി നേരത്തെ വിളിച്ചേനേ.അത്ര മാത്രം സുപ്രധാനമാണ് കാര്യം.ഒരു മീഡിയ പേഴ്സണ്‍ എന്ന നിലയില്‍ എനിക്ക് തന്‍െറ ചെറിയ ഒരു സഹായം വേണം.തന്നെ സംബന്ധിച്ചിടത്തോളം തീരെ മോശമല്ലാത്ത ഒരു എക്ള്യൂസീവ് സ്റ്റോറിയുമായിരിക്കും.സിദ്ധാര്‍ത്ഥ ചന്ദ്രന്‍ സംസാരം  തുടരുകയാണ്.ആകാംഷ മുറ്റിയ നിമിഷങ്ങള്‍.എന്‍െറ മുഖത്തെ ജിഞ്ജാസ കണ്ടിട്ടാകണം അദ്ദേഹം പറഞ്ഞു.കാര്യം തന്നെ പറയാം.വിക്ടോറിയ മഹാ രാഞ്ജിയുടെ പേരിലുള്ള വാസ്തു ശില്പ ഭംഗിയുള നഗര ഹൃദയത്തിലെ  മനോഹര മന്ദിരം വികസനത്തിന്‍െറ പേരില്‍ പൊളിച്ച് വിപുലമായ ഒരു കണ്‍വെന്‍ഷന്‍ സെന്‍്ററും ഷോപ്പിങ്ങ് മാളും നിര്‍മ്മിക്കാനുള്ള ബൃഹദ് പദ്ധതിക്ക് ഹൈലവല്‍ കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്.എന്നോട് പുതിയ പ്രോജക്റ്റിന്‍െറ ആര്‍ക്കിടെക്റ്റ് ആകാമോയെന്ന് ചോദിച്ചു.ആദ്യം സമ്മതിച്ചു എങ്കിലും ടൗണ്‍ഹാള്‍ പൊളിച്ചു കൊണ്ട് നടപ്പാക്കുന്ന ഒരു പരിപാടി ആലോചിക്കാനേ സാധിക്കാത്തതിനാല്‍ ഞാന്‍ പിന്മാറി.എന്നാല്‍ അത്തരമൊരു പ്രോജക്റ്റ് ഒരിക്കലും നടപ്പില്‍ വരരുത് എന്നെനിക്ക് ആഗ്രഹവുമുണ്ട്.
 സിദ്ധാര്‍ത്ഥ ചന്ദ്രന്‍ പറയുന്ന കാര്യങ്ങള്‍ എങ്ങനെ നല്ളൊരു എക്ള്യൂസീവ് സ്റ്റോറിയായി മാറ്റാമെന്ന്  മനസ്സില്‍ ആലോചിക്കുകയായിരുന്നു ഞാന്‍.എന്നാല്‍ എന്നെ അതിന് സമ്മതിക്കാതെ അദ്ദേഹം വീണ്ടും പറയാന്‍ തുടങ്ങി.നിങ്ങള്‍ മീഡിയ ഒരു വിഷയം ഏറ്റെടുത്താല്‍ അത് ചര്‍ച്ചയാകുമെന്ന കാര്യത്തില്‍ സംശയമില്ല.വിഷ്വല്‍ മീഡിയ കൂടി ഏറ്റുപിടിച്ചാല്‍ ഇഷ്യൂ കത്തിപ്പിടിക്കുകയും ചെയ്യും.പക്ഷെ അത് കൊണ്ട് കാര്യമൊന്നുമില്ല.കുറച്ച് ദിവസം കഴിയുമ്പോള്‍ എല്ലാം ഉള്ളി തൊലി പൊളിച്ചത് പോലെയാകുകയല്ളേ പതിവ്? സിദ്ധാര്‍ത്ഥ ചന്ദ്രന്‍െറ  പൊട്ടിച്ചിരിയില്‍ കളിയാക്കലിനേക്കാള്‍ വാസ്തവമാണ് നിറഞ്ഞിരിക്കുന്നതെന്ന ബോധ്യമുള്ളതിനാല്‍ പ്രതിരോധിക്കാനോ പ്രതിഷേധിക്കാനോ കഴിഞ്ഞതില്ല.
 എനിക്ക് തന്‍െറ സഹായം വേണ്ടത് മറ്റൊരു കാര്യത്തിലാണ്.ഏതെങ്കിലും ആക്റ്റിവിസ്റ്റ് ഗ്രൂപ്പുകളുമായി തനിക്ക് പരിചയമുണ്ടാകുമല്ളോ? അങ്ങനെ ആരെങ്കിലുമാളുകളെ  വിഷയം ഏല്‍പ്പിക്കുകയാണെങ്കില്‍ പ്രോജക്റ്റിന് തീര്‍ച്ചയായും തടയിടാന്‍ കഴിയും.ഒരു പബ്ളിക് ലിറ്റിഗേഷനും കൂടിയായാല്‍ പിന്നെ ഒരുകാരണവശാലും കാര്യം നടക്കില്ല. സിദ്ധാര്‍ത്ഥ ചന്ദ്രന്‍െറ വാക്കുകളില്‍ പ്രതീക്ഷ മാത്രമേയുള്ളൂ.

എത്രയും വേഗം ആളെ മുട്ടിച്ച് തരാമെന്ന്  ഉറപ്പ് പറഞ്ഞ് മടങ്ങുമ്പോള്‍ മനസ്സില്‍ ഒരു നിശ്ചയുമില്ലായിരുന്നു.അംഗിതിന് രാവിലെ നല്ല പനിയായിരുന്നു.ഹാഫ് ഡേ ലീവെടുത്ത് അവനെ ആശുപത്രിയില്‍ കൊണ്ടുപോയിക്കൊള്ളാമെന്ന്  സുനന്ദ സമ്മതിച്ചതിനാലാണ് നേരെ പുറപ്പെട്ടത്.അവന്‍ തിരിച്ചു വന്നിട്ടുണ്ടാകും.ബൈക്ക് വീട്ടിലേക്ക് തിരിക്കുമ്പോഴും മനസില്‍ മുഴുവന്‍  ആരോടാണ് വിഷയം പറയാന്‍ പറ്റിയത് എന്ന് ആലോചനയായിരുന്നു.ഗേറ്റ ്  തുറന്ന് തന്നെ കിടക്കുകയാണ് .ഓട്ടോ റിക്ഷ വന്ന് പോയിട്ടുണ്ട്.അതോ പോകാന്‍ നേരം അടക്കാന്‍ മറന്നതോ?എന്തായാലുമിനി അകത്ത് നോക്കി ഉറപ്പ് വരുത്താമല്ളോ? ബൈക്കിന്‍െറ ശബ്ദം കേട്ട് അംഗിത്  പതിയെ മുന്‍ വശത്തക്ക് ഇറങ്ങി വരുന്നു.ചെറിയൊരു പനി വന്നാല്‍  മതി.അല്പമൊന്ന് നന്നായ ശരീരം മുഴുവന്‍ പോകും.എത്ര പെട്ടെന്നാണ് അവന്‍ ക്ഷീണിച്ചത് .എങ്ങനെയുണ്ട് എന്ന് ചോദിച്ചപ്പോള്‍ അവന്‍െറ മുഖത്ത് നേരിയ തെളിച്ചം തോന്നി.കൈയില്‍ സുനന്ദയുടെ മൊബൈല്‍ ഫോണ്‍.എന്‍െറ പൊന്ന് മോനേ ,നീ ഇപ്പോഴെങ്കിലും അത് അവിടെയൊന്ന് വെക്കടാ കൂട്ടാ.വെറുതെ കണ്ണും കളഞ്ഞ്.ഉള്ള റേഡിയേഷന്‍ മുഴുവന്‍ വാങ്ങിക്കോ.ശബ്ദം അറിയാതെ ഉയര്‍ന്നു.അത് കേട്ടു കൊണ്ടാണ്  അവന് കുടിക്കാനുള്ള പാലുമായിസുനന്ദ അടുക്കളയില്‍ നിന്ന് വരുന്നുത്. റസറ്റ് എടുത്താല്‍ മാറും എന്ന് ഡോക്ടര്‍ പറഞ്ഞുവെന്ന് സുനന്ദ പറഞ്ഞതോടെ ആശ്വാസമായി.അതിന് ഇവന്‍ എവിടെ റസ്റ്റെടുക്കാന്‍.ആരെങ്കിലുമൊരാള്‍ ലീവെടുത്തേ പറ്റൂ.സുനന്ദ  ആവശ്യം നിരത്തി.ആശുപത്രിയില്‍ നിന്ന് മടങ്ങുമ്പോള്‍ ഓട്ടോ നിര്‍ത്തിച്ച് വഴിയില്‍ കാണുന്ന പൂക്കളുടെ പടം മൊബൈലില്‍ എടുത്തിട്ട് ദേ സ്ക്രീന്‍ സേവര്‍ ആക്കിയിരിക്കുകയാണ്.
 സുനന്ദ പറയേണ്ട താമസം അംഗിത്  സന്തോഷത്തേടെ മൊബൈല്‍ നീട്ടി.അന്നേരം അവന്‍െറ മുഖം കണ്ടാല്‍ എന്തെങ്കിലും അസുഖമുള്ളതായേ തോന്നുകയില്ല.അംഗിതിനെ സന്തോഷിപ്പിക്കാനായി പറഞ്ഞു.മോനെ അച്ഛനൊന്ന് നോക്കട്ടെ അച്ഛന്‍െറ മെബൈലിലേയും സ്ക്രീന്‍ സേവര്‍ മാറ്റണം.നേരത്തെയുള്ള മഞ്ഞപ്പൂവിന് പകരം ഈ പൂ വെച്ചാ മതി അച്ഛാ. അവന്‍ മൊബൈല്‍ നീട്ടി.ഫോണ്‍ വാങ്ങി നോക്കിയപ്പോള്‍ ഞെട്ടിപ്പോയി.നിറയെ അക്കേഷ്യ പൂത്ത് നില്‍ക്കുന്നു.അംഗിത് മാറ്റണമെന്ന് പറഞ്ഞ മനോഹരമായ കൊന്നപ്പൂക്കള്‍ മനസ്സില്‍ നിറഞ്ഞു.കൊന്നപ്പൂവിന്‍െറ മഹത്വം മകന് പറഞ്ഞ് കൊടുക്കാന്‍ സാധിച്ചില്ലല്ളോ എന്ന് കുറ്റം ബോധം തോന്നി.പെട്ടെന്നാണ്  മനസ്സില്‍ വാസുദേവന്‍െറ മുഖം മനസ്സില്‍ തെളിഞ്ഞത്.

കുറച്ച് നാളുകള്‍ മുമ്പ് കോഫി ഹൗസില്‍ വെച്ചാണ് വര്‍ഷങ്ങള്‍ക്ക് ശേഷം വാസുദേവനെ കാണുന്നത്.അടിമുടി പരിസ്ഥിതി പ്രവര്‍ത്തകനായിരുന്ന വാസുദേവന്‍ സര്‍ക്കാരിന്‍െറ സാമൂഹിക വനവല്‍ക്കരണത്തിന്‍െറ ഭാഗമായി നട്ടുപിടിപ്പിച്ച അക്കേഷ്യാ മരങ്ങള്‍ നാട്ടിലെ പരിസ്ഥിതിയെ തകര്‍ക്കുമെന്ന പ്രചാരണത്തിന് നേതൃത്വം നല്‍കിയത് അയാളായിരുന്നു.അക്കേഷ്യാ മരങ്ങള്‍ കൂട്ടത്തോടെ വെട്ടിമാറ്റിയ കേസില്‍ ഒരിക്കല്‍ ജയിലില്‍ കിടന്നിട്ടുമുണ്ട്.ചായയും കട്ട്ലറ്റും കഴിക്കുമ്പോള്‍ വാസുദേവന്‍ തന്‍െറ ജീവിത യാത്രകള്‍ അല്പനേരം അയവിറക്കി.വിപ്ളവത്തിന് അവധി നല്‍കി തറവാട് സ്വത്ത് വിറ്റ്് കിട്ടിയ പണം കൊണ്ട് ചെറിയ ബേക്കറി യൂണിറ്റ് തുടങ്ങി ജീവിതം മുന്നോട്ട് നീങ്ങുകയാണ്.നാട്ടില്‍ മുഴുവന്‍ അക്കേഷ്യാ മരങ്ങള്‍ മഞ്ഞപ്പുക്കളുമായി പൂത്ത് നില്‍ക്കുന്നത് കാണുമ്പോള്‍ അറിയാതെ മനസ്സില്‍ രോഷം അണപൊട്ടുന്ന കാര്യം പറഞ്ഞപ്പോള്‍ വാസുദേവന്‍െറ മുഖത്ത് ചെറിയൊരു ചിരിവിടര്‍ന്നു.വാസുദേവനെ കുറിച്ച് നല്ളൊരു വീക്കെന്‍ഡ് സ്റ്റോറി ചെയ്യണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ സമ്മതം മൂളും മട്ടില്‍ ആ ചിരി തുടര്‍ന്നു.
 അംഗിതിന്‍െറ ചിത്രം ഒന്ന് കൂടി സൂം ചെയ്ത് നോക്കുമ്പോള്‍ ആ പൂവുകള്‍ക്കുള്ളില്‍ വാസുദേവന്‍െറ മുഖം തെളിഞ്ഞ് കണ്ടു.കോഫി ഹൗസില്‍ കണ്ട സാത്വിക ഭാവത്തിന് പകരം പഴയ വിപ്ളവകാരിയുടെ രോഷം തിളച്ചു മറിയുന്ന  മുഖമായിരുന്നു കണ്ടത്.പോക്കറ്റ് ഡയറിയില്‍ കുറിച്ചെടുത്ത നമ്പറില്‍ വിളിച്ച് അങ്ങോട്ട് വരുന്ന കാര്യം പറയുമ്പോള്‍ വാസുദേവന്‍ കരുതിയത് വീക്കെന്‍ഡിലേക്കുള്ള അഭിമുഖമാണെന്നായിരുന്നു.കാര്യം വന്നിട്ട് വിശദീകരിക്കാമെന്ന് പറഞ്ഞ് നേരെ  സിദ്ധാര്‍ത്ഥ ചന്ദ്രനെ നമ്പറില്‍ വിളിച്ചു.ഫോണ്‍ എടുക്കേണ്ട താമസം  വിളിച്ചു കൂവി. ആര്‍ക്കിടെക്റ്റ് സിദ്ധാര്‍ത്ഥ ചന്ദ്രന്‍ താങ്കളുടെ നല്ല മനസ്സിന് ഫലമുണ്ടായിരിക്കുന്നു സാര്‍.അമിതാവേശത്തില്‍ ആരാണെന്ന് പറയാന്‍ മറന്നു.ഞാന്‍ സുദര്‍ശന്‍ .ഞാനൊരാളുമായി ദേ അങ്ങോട്ട് വരുന്നു.ഹീ ഈസ് ഹണ്‍ഡ്രഡ് പേഴ്സന്‍്റ് പ്യൂവര്‍ ആക്റ്റിവിസ്റ്റ്.
    ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ മറ്റൊന്നും മനസ്സിലുണ്ടായിരുന്നില്ല.വിക്ടോറിയ ടൗണ്‍ ഹാള്‍  ചെങ്കല്‍ കട്ടകളുമായി പഴയ പ്രതാപത്തില്‍ നിലകൊള്ളണം.കാര്യമെന്താണെന്ന് മനസ്സിലാക്കാതെ മിഴിച്ച് നില്‍ക്കുകയായിരുന്ന സുനന്ദക്കും അംഗിതിനും മുതുമുത്തശ്ശന്‍ പണിത ചോര്‍ന്നൊലിക്കുന്ന പഴയ കെട്ടിടം കൂട്ട് നിന്നു.പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങളിലെ ദൗന്യതയേക്കാള്‍ ഞങ്ങള്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത മുതുമുത്തശ്ശന്‍ രക്ഷകനെപ്പോലെ അതില്‍ തെളിഞ്ഞു.


Friday, July 11, 2014

ആളെറങ്ങാനുണ്ടേ

ആളെറങ്ങാനുണ്ടേ                                  
                                                                                                                                         
                                                                                                                           വി.ആര്‍.രാജമോഹന്‍
 

ഡി. നാരായണന്‍ ഓടിയവശനായി ബസ്റ്റാണ്ടണയും നേരം
ഉച്ചത്തിലതാ മുഴങ്ങുന്നോരനൗണ്‍സ്മെന്‍്റെ്
ലാസ്റ്റ് ബസ്...., ലാസ്റ്റ് ബസ്...
                                                 നിലം പതിഞ്ഞൊരാബസ്സിന്‍ നീളവും നിറവും 
കണ്ടന്തം വിട്ട് നില്‍ക്കും നേരം
ഇന്ദ്രജാല സ്ളേറ്റിലെന്ന പോല്‍  മിന്നിയൊഴുകിയത്തെി 
എല്ലീഡി ബോര്‍ഡില്‍സ്ഥലനാമം വികസനനഗരി
 വായിച്ചെടുക്കേണ്ട താമസം
താനെതുറന്നല്ളോ യന്ത്രവാതില്‍ എന്തൊരത്ഭുതം
അറച്ചറച്ചകമേറിയപ്പോളാശ്വസമേകി ചൂടകറ്റു. തണുപ്പ്
"താനേചരിഞ്ഞും മറഞ്ഞും തന്‍ താമരമത്തെയിലുരുണ്ടും
മയക്കം വരാതെ'....
കാതിലരിച്ചിറങ്ങി മനം മയക്കും പഴയ ഗാനം.

   ബാബുരാജ് പോരാഞ്ഞിട്ടാണോ യെന്തോ
ചെവികളില്‍ കുത്തിയിറക്കിയ
 മൊബൈലിന്‍ ഇയര്‍ ഫോണിലേവര്‍ക്കുമാനന്ദം
ചില്ല് ജാലകത്തില്‍ തല ചായ്ക്കും നേരം അറിയാതെ ഉടക്കീ കണ്ണില്‍
എതിര്‍ ഇരിപ്പിടക്കാരിയുടെ നീളമില്ലാകുപ്പായം
 വണ്ണമുള്ളോരാവെണ്ണക്കാലുകള്‍ കണ്ടപ്പോളോര്‍ത്തു
ആദ്യ നഗ്നദൃശ്യാനുഭവത്തിന്‍മറക്കാനാകാത്തായാ ദിനം
തെക്കേപ്പാട്ടെ സരളേടത്തി ഒതുക്കുകല്ലുകള്‍ കയറുംനേരം
ഉയര്‍ന്ന ദാവണി
നനുത്ത രോമങ്ങള്‍ തന്നോര്‍മ്മയില്‍ കണ്ണടക്കും നേരം
ബസ്സെത്തിയെവിടേയോ
ബഹുനില ഷോപ്പിങ്ങ് വിസ്മയത്തിലേക്ക്
ഉന്മാദത്തോടെയൊഴുകിയത്തെും പുരുഷാരം
തെളിയുന്നു ചില്ലിന്‍ വിസ്താരമ സ്ക്രീനില്‍
മെട്രോ പൈലിങ്ങ് ചൂണ്ടി അമിതാവേശത്തില്‍
സഹയാത്രീകനോതിയിനിയിവനാണ്യഥാര്‍ത്ഥ വിസ്മയം

"ഹാവൂ എന്തൊരു സ്ഫീഡെ'ന്ന് പറയാന്‍
കൗണ്ടൗണ്‍ തുടങ്ങിയല്ളോ മാധ്യമങ്ങള്‍
അയ്യയ്യോ ഇറങ്ങാനുള്ളിടമായല്ളോ?
അവസാനബസ്സിലേക്കാനയിച്ച
കണ്ടക്ടറെവിടെ?
ഡ്രൈവറില്ലാതോടുന്നത് മെട്രൊയല്ളെ?
ബെല്ലടിച്ചു നിര്‍ത്താനായി കാണാനില്ളൊരു ചരടും.
                                                          അലറിയുറക്കേ ഡി. നാരായണന്‍
ആളെറങ്ങണം
ആ നിലവിളി കേട്ടില്ളൊരുഇയര്‍ഫോണ്‍ ധാരിയും 
മുഴുവന്‍ പേരോടെ ഫ്രീസ് ചെയ്യുന്നു അവസാനഫ്രെയ്മില്‍
                                        ചിത്ര  മേന്മയേറും ദരിദ്ര നാരായണന്‍്റെ ചരമയറിയിപ്പ്.


(2013 ജൂലൈ 14 ന് വൈകിട്ട് തൃശൂര്‍ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ "കാവ്യമുറ്റം' സംഘടിപ്പിച്ച പ്രഥമ കവിയരങ്ങില്‍ അവതരിപ്പിച്ചത്.)


-- 

V. R. Raja Mohan

Thursday, May 22, 2014

ദാര്‍ശനിക പ്രശ്നം


നല്ലൊരു  ആല്‍മരതൈ നടേണം
എന്നിട്ടതിന്‍െറ തണലിലൊന്നിരിക്കണം
അതെവിടെ നടുമെന്നതല്ലേ
വലിയ ദാര്‍ശനിക പ്രശ്നം





ഡിലിറ്റഡ്  


എന്‍െറ ചങ്കിനെ ചെമ്പരത്തിപ്പൂവെന്ന്
വിളിച്ച വിഷമത്താലെഴുതിയ കവിത
നീയൊരു വിരലാലല്ലേ  ഡിലിറ്റ് ചെയ്തത്

നടുവേയോട്ടം


നാടോടുമ്പോള്‍ നടുവേയോടണം
കോറസ്സായി ചൊല്ലീയേവരും
കേട്ട പാടെ  ഞാനൊത്ത നടുക്കോടി
ടിപ്പറിടിച്ചൊടുങ്ങിയല്ലോ യെപ്പോഴേ


ഫേസ് ബുക്ക് പോസ്റ്റ്



അത് പതിവില്ലാത്തതായിരുന്നു
രാവിലെ തന്നെ നല്ല ശോധന
സെല്ലില്ലാതെ പോയി
അല്ലേൽഎഫ്ബീലിടാമായിരുന്നു
പുതിയൊരു പോസ്റ്റ്


(മാധ്യമം ജേര്‍ണലിസ്ററ് യൂനിയന്‍ 2014 സുവനീറില്‍ പ്രസിദ്ധീകരിച്ചത്)