Tuesday, February 21, 2012

റിയല്‍ ടേസ്റ്റ്



വി ആര്‍ രാജ മോഹന്‍



പുഴ .കോം 2011ല്‍ നടത്തിയ ചെറു കഥ
രചന മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 10 കഥകളില്‍ ഒന്ന്




നോ...നോ..നോ.... നോമോര്‍ എക്സ്ക്യൂസസ് മിസ്റ്റര്‍ ദിലീപ് ചന്ദ്രന്‍

ആറിന്റെ യു ജീയെം? സോ യൂ ഫൈന്റെവ്ട്ട്. ദ റിയല്‍ ടേസ്റ്റ് ഇറ്റീസ് യുവര്‍
റെസ്പോണ്‍സിബിലിറ്റി

ചെയര്‍മാന്‍ ദുഷ്യന്തന്‍ പരഞ്ജ് പെയുടെ അമര്‍ഷം ദിലീപിനെ
സ്വാധീനിച്ചതേയില്ല. മുഖത്ത് ഒരു ഊറിയ ചിരിയുമായി ചേംബറില്‍ നിന്നും
പുറത്തിറങ്ങാന്‍ കഴിഞ്ഞതിന്റെ കാരണം തിരയുകയായിരുന്നു. അരുന്ധതിയെ
കെട്ടിപ്പിടിച്ചു കിടക്കുമ്പോഴും അയാള്‍ ‘ യുറേക്കാ’എന്നാര്‍ത്ത്
വിളിച്ച് കിംഗ്സ് സര്‍ക്കിളിലൂടെ ഓടാന്‍ കഴിയും വിധം ചെയര്‍മാന്
നല്‍കാനായി ഒരു ഉത്തരം കിട്ടിയില്ല ല്ലോ എന്ന ഖേദത്തോടെയാണ് കണ്ണ്
തുറന്നത്. എന്നിരുന്നാലും ആര്‍ക്കിമിഡീസിനേപ്പോലെ താനും നഗ്നനാണല്ലോ
എന്നോര്‍ത്ത് മനസാലെ ചിരിച്ചു. ചെയര്‍മാന്റെ കാബിനിലല്ലല്ലോ എന്ന്
തിരിച്ചറിഞ്ഞതോടെ ഉറക്കെ പൊട്ടിച്ചിരിക്കാന്‍ മറന്നില്ല.

രാവിലെ തന്നെ വട്ടായോ എന്ന പ്രതികരണവുമായി അരുന്ധതി ഉറക്കമുണര്‍ന്നു.
ചിരിക്കു പിന്നിലെ രഹസ്യം അറിയാനുള്ള് ആകാംക്ഷയില്‍ അവള്‍ കാര്യം
തിര്‍ക്കി.

കമ്പനിയുടെ പുതിയ ബ്രേക്ക് ഫാസ്റ്റ് ഐറ്റത്തില്‍ എല്ലാവര്‍ക്കും
ഇഷ്ടമാകുന്ന ഒരു രുചി കണ്ടെത്തി കൊടുത്തില്ലേല്‍ മാര്‍വാഡി എന്നെ
മൂക്കേല്‍ വലിച്ചു കേറ്റും പോലും . ദിലീപന്‍ കാര്യം വിശദീകരിച്ചു.



അതിന്‍ അയാളുടെ മൂക്ക് വലുതാക്കേണ്ടി വരുമല്ലോ! അരുന്ധതിയുടെ സെന്‍സ് ഓഫ്
ഹ്യൂമറിനു പിന്നില്‍ ടെലിവിഷന്‍ ചാനലുകളിലെ മിമിക്രി സിനിമകളാണെന്നു
തിരിച്ചറിയാന്‍ ദിലീപനു വേഗം കഴിഞ്ഞു.

എന്നെങ്കിലുമൊരിക്കല്‍ സന്തോഷിക്കാം എന്നു കരുതുന്ന പല ദിവസവും
അരുന്ധതിയുമായി അടിച്ച് പിരിയേണ്ടി വരാറുള്ളതില്‍ അയാള്‍
വിരുതനായിരുന്നു. എങ്ങനെയോ ചിരിപ്പടങ്ങളിലുണ്ടായ സ്വാധീനം
പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ സീഡികള്‍ സംഘടിപ്പിക്കാനുള്ള
ആലോചനയിലായിരുന്നു. പുതിയ ടേസ്റ്റ് എന്തെങ്കിലും കണ്ടു പിടിച്ചൊ എന്ന
ചോദ്യം അരുന്ധതിയില്‍ നിന്ന് ഉണ്ടാകാനിടയില്ലെന്ന് ദിലീപിന്
തീര്‍ച്ചയുണ്ടായിരുന്നു. ‘പ്രിയ സുഹൃത്തേ ശ്രീമതി അരുന്ധതി വാമദേവന്‍ ..
സ്വകാര്യ നിമിഷങ്ങളില്‍ മാത്രമെടുത്ത് പ്രയോഗിക്കുന്ന സംബോധനകളാല്‍
അയാള്‍ ചോദിച്ചു ‘ ഞാനേത് ടേസ്റ്റാണ് പറയാന്‍ പോകുന്നതെന്ന് നീയെന്താ
ചോദിക്കാത്തേ?

‘ഓ അതൊക്കെ എന്റെ ഭര്‍ത്താവ് കണ്ടെത്തിക്കൊള്ളുമെന്ന് ആര്‍ക്കാ
അറിയാത്തത് അരുന്ധതിയില്‍ പതിവുള്ള ദേഷ്യത്തിന്റെ ഹോര്‍മോണ്‍ ഇന്ന്
എന്തുകൊണ്ടായിരിക്കും പ്രവര്‍ത്തിക്കാത്തത് എന്ന് ചിന്തിച്ച് കൊണ്ട്
ദിലീപന്‍ തുടര്‍ന്നു.’‘എടീ അയാള്‍ ആവശ്യപ്പെട്ട ടേസ്റ്റിനെക്കുറിച്ച്
ആലോചിച്ചാലോചിച്ച് ഇന്നലെ രാത്രി ഞാന്‍ ഞ്ങ്ങളുടെ നാട്ടിലെ പഴയ
ചായക്കടയില്‍ പോയി. കേള്‍ക്കേണ്ടതാമസം അരുന്ധതിയിലെ സിനിമാ സ്വാധീനം
പുറത്തു വന്നു. ‘’അപ്പോള്‍ ഇന്നലെ രാത്രി എന്റെ കൂടെ കിടന്നത്
ആരായിരുന്നു?’‘

അരുന്ധതിയില്‍ നിന്നും ഇനിയും തമാശ ഉയരുകയാണെങ്കില്‍ തനിക്ക്
പൊട്ടിത്തെറിക്കേണ്ടി വരുമെന്ന് ദിലീപനൌ തോന്നി. അത് കേള്‍ക്കാത്ത
മട്ടില്‍ അയള്‍ ഒരു ചെറു കഥ വായിക്കും മട്ടില്‍ പറയുവാനാരംഭിച്ചു.

എന്റെ ഓര്‍മ്മകളില്‍ പഴയ അമ്പലമുറ്റം തെളിയുന്നു. ഒപ്പം കണ്ണന്‍
ചേട്ടന്റെ ചായക്കടയിലെ ആടുന്ന ബഞ്ചിലിരുന്ന് ദോശ തിന്നുന്ന കാര്യവും .ഒരു
ദോശക്ക് പത്തു പൈസയായിരുന്നു വില. ചായക്ക് 15 പൈസയും. ചായ ഒഴിവാക്കി
ഞാന്‍ ദോശ വാങ്ങും. ഉത്സവക്കാലമാകുമ്പോള്‍ സൈക്കിളില്‍ ഒരുപാട്
കൂട്ടുകാരെത്തും. അവര്‍ക്കെല്ലാം കണ്ണന്‍ ചേട്ടന്റെ ദോശ ഒരു പാട്
ഇഷ്ടമായിരുന്നു. ആരും കാണാതെ പറമ്പിലെ കശുവണ്ടിയും ജാതിക്കയും പെറുക്കി
മാറ്റി വച്ചായിരുന്നു കൂട്ടുകാര്‍ക്ക് ദോശ വാങ്ങി കൊടുക്കാനുള്ള പണം
കണ്ടെത്തിയിരുന്നത്.

കഥാകഥനം തുടരും നേരം അരുന്ധതി ഇടയില്‍ കയറി.’‘എന്നിട്ട് ദോശയുടെ
ടേസ്റ്റാണോ ചെയര്‍മാനോട് പറയുവാന്‍ പോകുന്നത്?’‘

പരിണാമഗുപ്തിക്കു വേണ്ടീ കാത്തിരിക്കാതെ അക്ഷമത പ്രകടിപ്പിച്ചതിലൂടെ
അവള്‍ ഉദ്ദേശിച്ചത് കഥ പറച്ചില്‍ നീട്ടിക്കൊണ്ടു പോകെണ്ടെന്നാണെന്ന്
ദിലീപന്‍ മനസിലാക്കി. എങ്കിലും തെല്ലു പോലും നിരാശ തോന്നാതെ അയാള്‍
കണ്ണന്‍ ചേട്ടന്റെ ദോശയിലേക്ക് പോകാ‍നായി കണ്ണുകള്‍ ഇറുക്കിയടച്ചു. ഇത്
മന‍സിലാക്കിയിട്ടെന്നപോലെ ഗൂഡസ്മിതത്തോടെ പുതപ്പ് മടക്കി വയ്ക്കുന്നേരം
അരുന്ധതി പറഞ്ഞു. വേഗം പല്ലുതേച്ച് കുളിച്ച് വാ’ ഇന്നന്റെ വക സ്പെഷല്‍
നയ് റോസ്റ്റ് അരുന്ധതി തന്നെ വീണ്ടും തോല്‍പ്പിക്കുകയാണല്ലോ
‘എന്നെക്കൊണ്ട് ഇനി ഒന്നിനും പറ്റില്ല എന്താണെന്നു വച്ചാല്‍
ആരേക്കൊണ്ടെങ്കിലും ഉണ്ടാക്കിച്ചു തിന്നോ ‘’ പതിവ് പല്ലവികള്‍ക്കു പകരം
അരുന്ധതിയില്‍ നിന്നുണ്ടായ വാക്കുകളില്‍ ദിലീപന്‍ അത്ഭുതവും
അവിശ്വസനീയതയും തോന്നി. ഏത് നിമിഷവും സ്ഥിതിഗതികള്‍ കീഴ്മേല്‍
മറിയാനിടയുണ്ടെന്നുള്ള മുന്‍ കാല അനുഭവങ്ങള്‍ മുന്‍നിറുത്തി കൂടുതലൊന്നും
ആലോചിക്കാതെ അയാള്‍ ബാത് റൂമിലേക്കു കയറി.

ഇനി അങ്ങോട്ട് സൂക്ഷിച്ച് വേണം അരുന്ധതിയോട് ഓരോവാക്കും പറയുവാനെന്ന്
മനസില്‍ ഉറപ്പിച്ച ശേഷം താളത്തില്‍ടൂത്ത് ബ്രഷ് ചലിപ്പിക്കുമ്പോഴും
ദിലീപന്‍ കണ്ണന്‍ ചേട്ടന്റെ മരബഞ്ചില്‍ അമര്‍ന്നിരിക്കാന്‍ ആഗ്രഹിച്ചു.
അമ്മയുടെ മാസ്റ്റര്‍ പീസ് സാമ്പാറില്‍ തീരെ കനം കുറഞ്ഞ ദോശ് മുക്കി
തിന്നുന്നത് ഇഷ്ടമായിരുന്നു വെങ്കില്‍ കൂടി ശിവരാത്രി മണപ്പുറത്തെ
ബ്രാഹ്മണ സദ്യയുടെ സംഭാരത്തെ അനുസ്മരിപ്പിക്കുന്ന നേര്‍പ്പിച്ച ചട്ണി
കട്ടികൂടിയ ദോശക്കു മുകളില്‍ ഒഴിച്ചു തരുന്ന കണ്ണന്‍ ചേട്ടനിലായിരുന്നു
തനിക്ക് താത്പര്യമെന്നത് നിഷേധിക്കാന്‍ ദിലീപിനു കഴിയുമായിരുന്നില്ല.

ശരിക്കും ദോശയുടെ ഫോര്‍മുല എന്താണ്? അരിയും ഉഴുന്നും ചേര്‍ക്കുന്നു
എന്നല്ലാതെ കൂടുതല്‍ ഒന്നും തനിക്ക് ഇന്നുമറിയില്ല് എന്നു
മനസിലാക്കിയപ്പോള്‍,ദിലീപന് ചെറിയൊരു കുറ്റബോധം തോന്നാതിരുന്നില്ല.
അരുന്ധതിയുടെ നെയ്രോസ്റ്റും കഴിച്ച് ഓഫീസിലേക്കു തിരിക്കുമ്പോള്‍
ദിലീപനില്‍ തലേന്നത്തെ തമാശക്കു ലാഘവത്വത്തിനു പകരം ഗൗരവം
നിറയുകയായിരുന്നു. തന്റെ മറുപടി ദൂഷ്യന്തിനെ പ്രകോപിപ്പിക്കും എന്നൊരു
നേരിയ സംശയം പോലും ഉണ്ടായിരുന്നില്ല. ടൈയുടെ സ്ഥാനം കൃത്യമാണെന്നും
ബ്രില്‍ക്രീം ഒലിച്ചിറങ്ങിയിട്ടില്ലെന്നും ലിഫ്ടിലെ കണ്ണാടി
സാക്ഷ്യപ്പെടുത്തി. ചെയര്‍മാന്‍ എത്തിയിട്ടുണ്ടൊ എന്ന്
തിരക്കുന്നിതിനിടയില്‍ ദുഷ്യന്തിന്റെ സെക്രട്ടറി പര്‍‍വീണിനോട് പതിവുള്ള
കിന്നാരം ബോധപൂര്‍വം ഒഴിവാക്കി.

വാതില്‍ തള്ളി തുറന്ന് അകത്തേക്ക് പ്രവേശിക്കുമ്പോള്‍ ശരീരഭാഷകൊണ്ട്
താനൊരു ആര്‍ക്കിമെഡിസാണെന്ന് സ്വയം ബോധ്യപ്പെടുത്തും വിധമുള്ള
രംഗാവിഷ്ക്കാരത്തിനു ദിലീപന്‍ പ്രത്യേകം ശ്രദ്ധിച്ചു. സ്ഥിരം ‘ഗുഡ്
മോര്‍ണിംഗ് സാര്‍’ ഒഴിവാക്കി പുതിയതൊന്ന് പ്രയോഗിക്കാന്‍ തീരുമാനിച്ചത്
പെട്ടന്നായിരുന്നു. ‘ ആപ് കേ ജൈസേ ഇന്‍സാര്‍ കോ സാഥ് കാം കര്‍നേ കാ
മോക്കാ മിത്സേ മേരാ ജീവന്‍ ധന്യ ഹോഗയാ.’ മുംബൈയില്‍ സ്ഥിര
തമസമാക്കിയിട്ട് കാല്‍ നൂറ്റാണ്ട് കഴിഞ്ഞുവെങ്കിലും ഒരൊറ്റ ശ്വാസത്തില്‍
ഇത്രേം ഹിന്ദി ദിലീപന്‍ ആദ്യമായിട്ടാണ്‍ പറയുന്നത്.

ദുഷ്യന്തിന്റെ പ്രതികരണം അറിയാന്‍ ഏറുകണ്ണിട്ട് നോക്കിയ ദിലീപന്‍
നിരാശനാകേണ്ടി വന്നീല്ല. മാര്‍വാഡിയുടെ സ്വതവെ ചുമന്ന് തുടുത്ത മുഖം
കൂടുതല്‍ ചുവക്കുന്നതും തുടുക്കുന്നതും കണ്ടതോടെ സംഗതി
ഏറ്റുവെന്നുറപ്പിച്ചു. മുഖസ്തുതിയില്‍ ആകൃഷ്ടനായി ദുഷ്യന്ത് പരഞ്ജ്പെ
തിരിച്ചു പറഞ്ഞു. ‘മേനേ ഹമാര തുമേ ഏക് സബോഡിനേറ്റ് കാ ജൈസാ നഹി ,ഏക് ഭായി
കേ രൂപ് മേ ദേഖാ‍ ഹേ’ പിന്നീട് മേരാമതാജി എന്ന് പറഞ്ഞ് ദുഷ്യന്ത് എന്തോ
പറയാന്‍ തുടങ്ങിയതിനെ ദിലീപന്‍ മനസില്‍ മൊഴി മാറ്റം വരുത്തി. ‘എന്റെ
അമ്മയുടെ വയറ്റില്‍ നീ പിറന്നില്ലല്ലോ കൊച്ചു മോനേ....’ എന്നായിരിക്കും
ഉറപ്പിച്ച് അതെന്താണെന്ന് കേള്‍ക്കാന്‍ അയാള്‍ തയ്യാറായില്ല. എന്നാല്‍
തങ്ങള്‍ ഇരുവരും പറഞ്ഞത് അല്‍പ്പം കൂടിപ്പോയില്ലേ എന്നും അത്രയൊക്കെ
വേണ്ടിയിരുന്നോ എന്നും ദിലീപന്‍ ന്യായമായും സംശയിച്ചു.

ഇനി അമാന്തിക്കണ്ട. കാര്യങ്ങളെല്ലാം ശരിയായ പാതയിലാണ്‍ നീങ്ങുന്നത്
ടേസ്റ്റിനെക്കുറിച്ചുള്ള ചോദ്യം വരുകയേ വേണ്ടു .കുശലങ്ങള്‍ വളരെ
പെട്ടന്ന് അവസാനിപ്പിച്ച ദുഷ്യന്ത് വീണ്ടും ബോസ്സിന്റെ കുപ്പായത്തിലേക്ക്
കയറി. അപ്പോള്‍ അന്തരീക്ഷത്തിലുണ്ടായ നിശബ്ദത അവര്‍ണനീയമായിരുന്നു.
റിയാലിറ്റി ഷോ യുടെ എലിമിനേഷന്‍ റൌണ്ടില്‍ പശ്ചാത്തല സംഗീതമായി
ഉപയോഗിക്കുന്ന ഉദ്വേഗം ജനിപ്പിക്കുന്ന മ്യൂസിക് അവിടെ
അനുയോജ്യമായിരുന്നുവെന്ന കുസൃതി അത്തരമൊരവസ്ഥയിലും ദിലീപനിലുണ്ടായി.

'ഡിഡ് യൂ ഫൈന്‍ഡൌട് ദ ടേസ്റ്റ് മി. ദിലീപ് ?' ദുഷ്യന്ത് പരഞ്ജ്പെ
ആക്രോശസമാനമായി ചോദിച്ചു. "യെസ്സാര്‍ ഇന്‍ഡീഡ്. ഐ ആം എബൌട്ട് ടു ടെല്‍ യു
സാര്‍." "ദെന്‍ വൈ ആര്‍ യു വേസ്റ്റിംഗ് റ്റൈം? കം ഓണ്‍ ... ഫാസ്റ്റ്
ടെല്‍ ഇറ്റ്" ... ദുഷ്യന്തിന്റെ വാക്കുകള്‍ക്കു മൂര്‍ച്ചയേറി.

ഇറ്റ് ഈസ് നത്തിംഗ് ബട്ട് ദോശ സാര്‍. ഇറ്റ് കാന്‍ ബി യൂ‍സ്ഡ് ഇന്‍....
ബാക്കി പൂരിപ്പിക്കേണ്ടി വന്നില്ല ദുഷ്യന്തിന്‍ പരഞ്ജ്പെ കസാലയില്‍
നിന്ന് ചാടിയെഴുനേറ്റ് മുറിക്കുള്ളിലാകെ നൃത്തം വച്ചു. തനിച്ചുള്ള ചുവടു
വെപ്പുകളുടെ ആവേശം അവസാനിച്ചപ്പൊള്‍ ദിലീപന് നേരെ കൈനീട്ടി. തടിച്ച്
കൊഴുത്ത സുരബാല ദുഷ്യന്തിന് കൊടുക്കാന്‍ പറ്റാതിരുന്ന ചുംബനങ്ങല്‍
അത്രയും അയാള്‍ ദിലീപനു സമ്മാനിച്ചു തലേന്നത്തെ മദ്യത്തിറ്റെ പുളിച്ച
മണവും പാന്‍ മസാലയുടെ സഹിക്കാന്‍ പറ്റാത്ത ഗന്ധവും നിറഞ്ഞ ദുഷ്യന്തിന്റെ
ഉച്ഛാസ വായു അയാളില്‍ തെല്ലു പോലും അലോസരമുണ്ടാക്കിയില്ല.

വെല്‍ഡണ്‍ മൈ ബോയ് വീവില്‍ എക്സ്ട്രാക്റ്റ് ദി ദോശാസ് റിയല്‍ ടേസ്റ്റ്
വിത്ത് ദി ഹെല്‍പ്പ് ഓഫ് ഔര്‍ ലാബ് പീപ്പിള്‍ ആന്‍ഡ് വില്‍ ആഡ് ദാറ്റ്
ഇന്‍ ടു ഔര്‍ ന്യൂ ബ്രേക്ക് ഫാസ്റ്റ് ഐറ്റം. വിത്തിന്‍ ഫ്യൂ മന്ത്സ് ഐ ആം
ഷുവര്‍ ദാറ്റ് ദിസ് ബ്ലഡി ദോശ വില്‍ ഡിഡ് അപ്പിയര്‍ നോട്ട് ഒണ്‍ലി ഫ്രം
ദി മൈന്‍ഡ്സ് ഓഫ് പീപ്പിള്‍ ബട്ട് ആള്‍സോ ഫ്രം ദിസ് എന്റയര്‍ പ്ലാ‍നറ്റ്
. ദുഷ്യന്ത് ആഹ്ലാദത്തിന്റെ കൊടുമുടിയിലാണ്ടെന്ന് മനസിലായി. ‘യെസ് മൈ
ഡിയര്‍ വീ ഹാവ് ? ചെക്ക് ഔട്ട് എ ഡീറ്റെല്‍ഡ് സ്ട്രറ്റര്‍ജി.’
മറ്റേതെങ്കിലും കമ്പനി ഇങ്ങനെയൊരു ആലോചന പോലും നടത്തരുത്. ഭാര്യയോടുപോലും
ഈ രഹസ്യം പറയുരുത്. ദോശ ഉപയോഗിക്കുന്നവരിലെല്ലാം എത്തി ച്ചേരും വിധം വൈഡ്
പബ്ലിസിറ്റി വേണം. ആവശ്യമായ പ്രിന്റ് ആന്റ് വിഷ്വല്‍ ആഡുകളും വേണം,
എല്ലാം നമ്മുടെ പ്രോഡക്റ്റ് ലോഞ്ചിനു മുമ്പായി ഒരുക്കണം. ദിലീപ് യൂ ഷുഡ്
സജസ്റ്റ് ആന്‍ അട്രാക്റ്റീവ് നെയിം ആള്‍സോ ഫോര്‍ ന്യൂ പ്രൊഡക്റ്റ് .
ദുഷ്യന്തിന്റെ ആവേശം അടുത്തെങ്ങും ശമിക്കുന്ന മട്ടില്ല.

ചെയര്‍മാന്റെ കൈകള്‍ തന്നെ വരിഞ്ഞു മുറുക്കുമ്പോള്‍ ദിലീപന് ശ്വാസം
മുട്ട് അനുഭവപ്പെട്ടു. ദോശ കഴിക്കുന്നവരെല്ലാം കമ്പനിയുടെ പുതിയ ഉത്പന്നം
കഴിക്കുന്ന അവസ്ഥ വന്നാല്‍ അത് അപകടമല്ലേ! അമ്മ വിട്ടു പോയെങ്കിലും
അരുന്ധതി സ്നേഹത്തോടെ വല്ലപ്പോഴെങ്കിലും ദോശ ഉണ്ടാക്കി ത്തരുന്നത്
ഇല്ലാതാകില്ലേ? ഇന്ന് അവള്‍ തന്ന നെയ് റോസ്റ്റിന്‍ സ്വാദ്
ഉണ്ടായിരുന്നുവെന്ന് തിരക്കിനിടയില്‍ പറയാന്‍ പറ്റിയില്ല.

മുംബൈയിലെ വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ നിന്ന് മസാല ദോശകഴിക്കേണ്ടി
വന്നപ്പോഴൊക്കെ കണ്ണന്‍ ചേട്ടന്റെ പഴയ ചായക്കടയെ കുറിച്ച്
ഓര്‍ത്തിട്ടുണ്ട്. എന്നെങ്കിലും നാട്ടില്‍ പോകുമ്പോള്‍ അരുന്ധതിയേയും
മകളേയും അവിടെ കൊണ്ടുപോകണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചിട്ടുണ്ട്.
കണ്ണന്‍ ചേട്ടന്‍ മരിച്ചു പോയിട്ടുണ്ടേങ്കില്‍ ശേഷക്കാര്‍ ആരെങ്കിലും
നാടന്‍ പലഹാരങ്ങളുമായി ഒരു ചായക്കട നടത്തുന്നുണ്ടായിരിക്കും.
‘നൊസ്റ്റാള്‍ജിയ’ സൃഷ്ടിക്കുന്ന അത്തരമൊരു അനുഭവം ഇനി
തനിക്കുണ്ടാകില്ലല്ലോ? ദിലീപനില്‍ അറിയാതെ ആധി പടര്‍ന്നു കയറി.

തന്റെ കണ്ടുപിടുത്തം കൊണ്ട് ഇത്തരം ആഗ്രഹങ്ങളെല്ലാം ഇല്ലാതാകുകയാണല്ലോ
തന്നേപ്പോലെ വേറെ എത്രയോ പേരുണ്ട് .അവര്‍ക്കെല്ലാം തന്നെ രുചിയുമായി
ബന്ധപ്പെട്ട് എത്രയെത്ര അനുഭവങ്ങളുണ്ടാകും. അത്തരം അവസരങ്ങള്‍ താന്‍
ഒരാളായിട്ടാണല്ലോ നഷ്ടപ്പെടുവാന്‍ പോകുന്നത്. ദില്ലീപനു തലകറങ്ങുന്നത്
പോലെ തോന്നി.

ദുഷ്യന്തിന്റെ കൈകള്‍ തന്റെ കഴുത്തില്‍ മുറൂകുന്നത് അയാള്‍
തിരിച്ചറിഞ്ഞു. വലതു കൈ കഴുത്തില്‍ ചുറ്റുമ്പോള്‍ തന്നെ ഇടതു കൈകൊണ്ട്
ദുഷ്യന്ത് ഗ്ലാസ് ഡോറിന്റെ പിടിയില്‍ പിടിക്കുന്നത് ദിലീപ് വ്യക്തമായി
കണ്ടൂ.

കൂറ്റന്‍ കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്ന് താഴെ നോക്കിയാല്‍
വാഹനങ്ങളും മനുഷ്യരും തീരെ ചെറിയതായി തോന്നിക്കുന്നുവെന്ന് സിനിമകളില്‍
കാണാറുള്ളത് ശരിയാണെന്ന് അപ്പോഴാണു ബോധ്യമായത്. ടെലിവിഷനില്‍ മകന്‍
അടുത്തിടെ കണ്ടുകൊണ്ടിരുന്ന സിനിമകളിലൊന്നില്‍ ഒരുവന്‍ മറ്റൊരാളെ
താഴേക്ക് എടുത്തെറിയുന്ന രംഗം മനസ്സില്‍ കടന്ന് വന്നു. ഒരു പക്ഷെ ആ സിനിമ
ദുഷ്യന്ത് കണ്ടിട്ടുണ്ടാകുമെന്ന് ദിലീപനു തോന്നി. അപകടം നേരെ മുന്നില്‍
നില്‍ക്കുമ്പോഴും മനസില്‍ കുസൃതി പൊട്ടി മുളക്കുന്നതിനെക്കുറിച്ച് അയാള്‍
അരിശം കൊണ്ടു.

തന്നെ താഴേക്കു വലിച്ചെറിഞ്ഞ് ദോശാ ടേസ്റ്റിന്റെ ഐഡിയ തട്ടിയെടുത്ത്
കോടികള്‍ വാരിക്കൂട്ടുക എന്ന കുടില ചിന്തയാണ് ദുഷ്യന്തിന്റെ മനസിലെന്ന്
തീര്‍ച്ചയാണ്. അങ്ങനെ തന്നെ അല്ലേ എന്നു ചോദിക്കാന്‍ അവസരം കിട്ടണ്ടേ?
ഏതായാലും തന്നെ കാറ്റു കൊള്ളീക്കാനല്ല ദുഷ്യന്ത് ബാല്‍ക്കണിയിലേക്കുള്ള്
ഗ്ലാസ്സ് ഡോര്‍ തുറക്കുന്നത് അയാളുടെ ഉദ്ദേശം ആദ്യത്തേതു തന്നെ .
ദിലീപന്‍ ഉറപ്പിച്ചു .എങ്കില്‍ പിന്നെ എന്തുകൊണ്ട് ദുഷ്യന്തിന്റെ ബുദ്ധി
തനിക്കു പ്രയോഗിച്ചു കൂടാ എന്ന് ദിലീപനു തോന്നി. അപ്പോള്‍ ആദ്യമായി
അയാള്‍ തന്റെ കുസൃതിയെ ശപിച്ചതില്ല.

ധുഷ്യന്തിന്റെ കൈകള്‍ ഇടയിലെപ്പഴോ അഴയേണ്ട താമസം ദിലീപന്റെ കൈകള്‍ അതിലും
വേഗത്തില്‍ ചലിച്ചു.

ചെയര്‍മാന്‍ ആവശ്യപ്പെട്ട ദോശ ടേസ്റ്റിന്റെ പ്രൊഡക്റ്റിന് അനുയോജ്യമായ
പേര്‍ ഇനി ആലോചിക്കേണ്ടി വരില്ലാല്ലോ എന്നോര്‍ത്തപ്പോള്‍ ദിലീപന്‍
ആശ്വസിച്ചു. പ്രത്യേകിച്ച് മറ്റൊന്നും ചിന്തിക്കേണ്ടതില്ല എന്നതിനാല്‍
അയാള്‍ ദോശയുടെ യഥാര്‍ഥ രുചിയെ കുറിച്ച് മാത്രം മനസിലോര്‍ത്തു. കണ്ണന്‍
ചേട്ടന്റെ ഓലമേഞ്ഞ ചായക്കടയും അമ്മയുടെ സാമ്പാറിലെ കഷണങ്ങളും
അരുന്ധതിയുടെ സ്പെഷ്യല്‍ നെയ് റോസ്റ്റും ദിലീപന്റെ മനസില്‍ സന്തോഷം
മാത്രം നിറച്ചു. തന്റെ തീരുമാനം മറ്റുള്ളവരിലും സന്തോഷം നിറക്കാന്‍
കാരണമാകുമെന്ന തിരിച്ചറിവില്‍ അയാള്‍ വിനയാന്വിതനായി.

No comments:

Post a Comment